വേദനയായി ആ കുഞ്ഞ് ശവപ്പെട്ടി.. ആര് മറുപടി പറയും

ഒരു കുഞ്ഞിന് വേണ്ടി ആറ്റുനോറ്റ് കാത്തിരുന്ന ആ അച്ഛനും അമ്മയ്ക്കും ഒടുവില്‍ ലഭിച്ചത് കണ്ണീർ. എട്ടര മാസമുള്ള ഗര്‍ഭസ്ഥ ശിശുവിന്‍റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങാനുള്ള ദുര്‍വിധിയാണ് പവിത്രയെയും ലിബുവിനെയും കാത്തിരുന്നത്. മൂത്ത കുട്ടി ജനിച്ചതിനുശേഷം രണ്ടാമത് ഗര്‍ഭം അലസി. അതിനുശേഷം അതീവ കരുതലോടെ കാത്തിരുന്നിട്ടും
ചികിത്സ നിഷേധിക്കപ്പെട്ടതിനാല്‍
ഗര്‍ഭാവസ്ഥയില്‍ തന്നെ ആണ്‍കുഞ്ഞ് മരണപ്പെടുകയായിരുന്നു

കുഞ്ഞിന് അനക്കം കുറവാണെന്ന് തോന്നിയപ്പോൾ ഇരുവരും തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ എത്തി. 16–ാം തീയതി നടത്തിയ സ്കാനിങില്‍ ഗര്‍ഭസ്ഥ ശിശുവിന് നീര്‍ക്കെട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.
പക്ഷേ സാരമില്ലെന്ന് പറഞ്ഞ് ഡോക്ടര്‍ വീട്ടിലേക്ക് പറഞ്ഞു വിട്ടു. അന്ന് രാത്രി 11 മണിക്ക് ശേഷം കുഞ്ഞിന് അനക്കക്കുറവുണ്ടെന്ന് തോന്നി അമ്മ പവിത്രയും കുടുംബാംഗങ്ങളും വീണ്ടും ആശുപത്രിയിലെത്തി. എന്നാല്‍ ഇവര്‍ക്ക് ചികിത്സ നിഷേധിക്കപ്പെട്ടു എന്നാണ് പരാതി

നേരത്തെ പവിത്രയുടെ ഗര്‍ഭസ്ഥ ശിശു അലസിയ സാഹചര്യം ഡോക്ടര്‍മാര്‍ക്ക് അറിയാമായിരുന്നിട്ടും വേണ്ടത്ര പരിചരണമോ ശ്രദ്ധയോ നല്‍കിയില്ലെന്നാണ് ആരോപണം. സ്ഥിരമായി നോക്കിയിരുന്ന ഡോക്ടര്‍ വിളിച്ചിട്ട് ഫോണ്‍ പോലുമെടുത്തില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഡ്യൂട്ടി ഡോക്ടറുടെ വാക്കില്‍ വിശ്വസിച്ചാണ് ഇവര്‍ അന്ന് സമാധാനത്തോടെ വീട്ടിലേക്ക് മടങ്ങിയത്
പിറ്റേന്ന് സ്വകാര്യ സ്ഥാപനത്തില്‍ എത്തി സ്കാനിങ് നടത്തിയപ്പോഴാണ് ഉറങ്ങുകയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞ കുഞ്ഞിന്റെ ചലനമറ്റ വിവരം ഇവര്‍ അറിയുന്നത്

നാലു ദിവസമായിട്ടും കുഞ്ഞിന്‍റെ മൃതദേഹം വിട്ടുകൊടുക്കാതെ പൊലീസും മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതരും ഇവരുടെ വേദന ഇരട്ടിയാക്കി. പരിശോധനകള്‍ക്ക് സമയമെടുക്കുമെന്നായിരുന്നു വാദം. ഇതോടെ ഒരു ദിവസം മുഴുവന്‍ കുഞ്ഞു ശവപ്പെട്ടിയും മാറോടടക്കിപ്പിടിച്ച് ലിബുവിന് പ്രതിഷേധിക്കേണ്ടി വന്നു. പ്രതിഷേധം വാര്‍ത്തയായപ്പോള്‍ നടപടികളും ദ്രുതഗതിയിലായി. പത്തോളജിക്കല്‍ പരിശോധനയ്ക്ക് ശേഷം വിട്ടുകിട്ടിയ കുഞ്ഞിന്റെ മൃതദേഹം പിന്നീട് സംസ്കരിച്ചു