നിഷേധിച്ച് ബ്രിട്ടാസ്, ജോണിനോട് ചര്‍ച്ച ചെയ്തിട്ടില്ല, വിളിച്ചത് തിരുവഞ്ചൂർ

കണ്ണൂര്‍: സോളാര്‍ കേസുമായി ബന്ധപ്പെട്ട സമരം അവസാനിപ്പിക്കാന്‍
ജോണ്‍ മുണ്ടക്കയത്തെ താന്‍ വിളിച്ചെന്ന വെളിപ്പെടുത്തല്‍ ജോണിന്‍റെ ഭാവന മാത്രമാണെന്ന് ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു.സോളാര്‍ സമരം അവസാനിപ്പിക്കാന്‍
ജോണ്‍ മുണ്ടക്കവുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ജോൺ ബ്രിട്ടാസ് എം പി വെളിപ്പെടുത്തി. സോളാര്‍ സമരത്തില്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ താനുമായി ബന്ധപ്പെടുകയായിരുന്നു. കൈരളി ടിവിയില്‍ പ്രവര്‍ത്തിച്ചിരുന്ന ചെറിയാന്‍ ഫിലിപ്പിന്റെ ഫോണിലേയ്ക്ക് തിരുവഞ്ചൂര്‍ വിളിക്കുകയും തനിക്ക് ഫോണ്‍ കൈമാറുകയുമായിരുന്നു എന്നും ബ്രിട്ടാസ് വെളിപ്പെടുത്തി. അല്ലാതെ
ജോണ്‍ മുണ്ടക്കയത്തെയോ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയോ താന്‍ വിളിച്ചിട്ടില്ല. അന്നത്തെ കോള്‍ ലിസ്റ്റുകള്‍ എടുത്താല്‍ ഇക്കാര്യം വ്യക്തമാകുമെന്നും ജോണ്‍ മുണ്ടക്കയത്തിന് എവിടെ നിന്നാണ് ഈ കഥ കിട്ടിയതെന്ന് അറിയില്ലെന്നും ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു

സോളാര്‍ സമരത്തില്‍ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍
സര്‍ക്കാര്‍ തയ്യാറാണെന്നുള്ള നിലപാടാണ് തിരുവഞ്ചൂര്‍ ഫോണില്‍ അറിയിച്ചത്. എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കണമെന്നും സിപിഎം നേതൃത്വത്തെ ഇക്കാര്യം അറിയിക്കണമെന്നും തിരുവഞ്ചൂര്‍ തന്നോട് നിര്‍ദ്ദേശിച്ചു.
പിന്നീട് പലതവണ തിരുവഞ്ചൂര്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും ജോണ്‍ ബ്രിട്ടാസ് വെളിപ്പെടുത്തി. നേരില്‍ വന്ന് കാണാമെന്ന് പറഞ്ഞപ്പോള്‍ കേരളത്തിന്റെ ആഭ്യന്തരമന്ത്രി ഇങ്ങോട്ട് വന്ന് കാണണ്ട, അങ്ങോട്ട് വരാമെന്ന് പറയുകയായിരുന്നുവെന്നും ബ്രിട്ടാസ് പറഞ്ഞു.

തിരുവഞ്ചൂര്‍ പറഞ്ഞതനുസരിച്ച് സിപിഎം നേതൃത്വത്തെ താന്‍ ബന്ധപ്പെട്ടു. പരസ്യമായി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നുമായിരുന്നു സിപിഎം നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ ഇത് പറഞ്ഞപ്പോള്‍ തിരുവഞ്ചൂര്‍ വൈമുഖ്യം കാണിച്ചു. ഈ വിഷയത്തില്‍ സ്വന്തം നിലയില്‍ തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും തിരുവഞ്ചൂര്‍ അറിയിച്ചു. അതിനാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാണാന്‍ തന്റെയൊപ്പം വരണമെന്ന് തിരുവഞ്ചൂര്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും ബ്രിട്ടാസ് വെളിപ്പെടുത്തി.
പിന്നീട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കുഞ്ഞാലിക്കുട്ടിയും ഒപ്പമുണ്ടായിരുന്നുവെന്നും ബ്രിട്ടാസ് വെളിപ്പെടുത്തി
തിരുവഞ്ചൂരിനെ കാണാന്‍ പോയപ്പോള്‍ ചെറിയാന്‍ ഫിലിപ്പും ഉണ്ടായിരുന്നു. തിരുവഞ്ചൂരുമായി സംസാരിച്ച കാര്യങ്ങള്‍ ചെറിയാന്‍ ഫിലിപ്പിന് അറിയാമെന്നും ബ്രിട്ടാസ് വ്യക്തമാക്കി