കാണാതായിട്ട് 26 വർഷം; യുവാവിനെ ഒടുവില്‍ കണ്ടെത്തിയത് ഇവിടെ നിന്ന്

26 വര്‍ഷങ്ങള്‍ കാണാമറയത്ത് കഴിഞ്ഞ യുവാവിനെ ഒടുവില്‍ കണ്ടെത്തിയത് അയല്‍വാസിയുടെ വീട്ടില്‍ നിന്ന്. അള്‍ജീരിയയിലാണ് ഒമര്‍ എന്ന 19കാരനെ 1998 ലെ അള്‍ജീരിയന്‍ ആഭ്യന്തര യുദ്ധത്തിനിടയില്‍ കാണാതായത്. ഒമറിന്‍റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടതായോ , തട്ടിക്കൊണ്ട് പോകപ്പെട്ടതായോ ആണ് കരുതിയത്. എന്നാല്‍ 45–ാംവയസില്‍ കണ്ടെത്തുമ്പോള്‍ ഒരു വിളിപ്പാടകലെ മാത്രമാണ് ഒമര്‍ ഇത്രകാലവും കഴിഞ്ഞത്

സമൂഹ മാധ്യമത്തിലൂടെ പുറത്തുവന്ന വെളിപ്പെടുത്തലാണ് ഒമറിനെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഒമറിനെ തന്‍റെ സഹോദരന്‍ തട്ടിക്കൊണ്ട് പോയി വീട്ടില്‍ തടവിലാക്കി പാര്‍പ്പിച്ചിരിക്കുകയാണെന്ന് ഒരാള്‍ വെളിപ്പെടുത്തി.
വിവരം അറിഞ്ഞ പൊലീസ് നടത്തിയ തിരച്ചിലില്‍ ഒമറിനെ കണ്ടെത്തുകയായിരുന്നു. പൊലീസെത്തിയതോടെ തട്ടിക്കൊണ്ടു പോയ അയല്‍വാസി സ്ഥലത്ത് നിന്ന് കടന്നുകളയാന്‍ ശ്രമിച്ചു. 61കാരനാണ് സ്വത്ത് തട്ടിയെടുക്കാന്‍ ഒമറിനെ തടവിലാക്കിയത്. പ്രതിയെ പൊലീസ് പിടികൂടി

സ്വന്തം വീട്ടില്‍ നിന്ന് 200 മീറ്റര്‍ മാത്രം ദൂരെ കഴിഞ്ഞിട്ടും ഈ 26 വര്‍ഷത്തിനിടയില്‍ ഒമറിന് രക്ഷപ്പെടാന്‍ കഴിയാതിരുന്നതിന് പിന്നില്‍ ദുര്‍മന്ത്രവാദമാണെന്നാണ് അയല്‍വാസികളുടെ ആരോപണം. ഒമറിന്‍റെ സംസാരശേഷി പ്രതി ദുര്‍മന്ത്രവാദത്തിലൂടെ ഇല്ലാതെയാക്കിയെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു അതേസമയം, സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി