അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധം; ന്യൂസ് ക്ലിക്ക് എഡിറ്ററെ വിട്ടയക്കാന്‍ സുപ്രീംകോടതി വിധി

ചൈനീസ് അനുകൂല പ്രചാരണത്തിന് ഫണ്ട് സ്വീകരിച്ചെന്ന് ആരോപിച്ച് അറസ്റ്റു ചെയ്ത ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്ഥയെ വിട്ടയക്കാന്‍ സുപ്രീം കോടതി വിധി. പ്രബീര്‍ പുര്‍കായസ്ഥയെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി വിധിച്ചു. ന്യൂസ് ക്ലിക്ക് ഓഫീസ് അടച്ചുപൂട്ടിയ പൊലീസ് ഡിജിറ്റല്‍ ഉപകരണങ്ങളും ഫോണും പിടിച്ചെടുത്തിരുന്നു. അറസ്റ്റിനെ ചോദ്യം ചെയ്ത് പുര്‍കായ്ത നല്‍കിയ ഹര്‍ജിയിലാണ് അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമെന്ന് വിധിച്ചത്. അറസ്റ്റിന്‍റെ കാരണം രേഖാമൂലം പ്രബീര്‍ പുര്‍കായസ്ഥക്ക് എഴുതി നല്‍കാത്തതും റിമാന്‍ഡ് അപേക്ഷയുടെ പകര്‍പ്പ് അഭിഭാഷകന് നല്‍കാത്തതുമാണ് അറസ്റ്റ് റദ്ദാക്കാന്‍ കാരണം

അറസ്റ്റ് ചെയ്യുമ്പോഴുള്ള സ്വാഭ്വാവിക നീതി പ്രബീര്‍ പുര്‍കായസ്ഥക്ക് നിഷേധിക്കപ്പെട്ടുവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അറസ്റ്റിന്‍റെ കാരണം രേഖമൂലം അറിയിക്കണമെന്ന പങ്കജ് ബെന്‍സാല്‍ കേസിലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് റദ്ദാക്കിയത്. അഭിഭാഷകനെ അറിയിക്കാതെ പുര്‍കായസ്ഥയെയെ മജിസ്റ്റേറ്റിന് മുന്നില്‍ ഹാജരാക്കിയ ഡല്‍ഹി പൊലീസ് നടപടിയെ കേസിന്‍റെ വാദത്തിനിടയില്‍ തന്നെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു

പ്രബീര്‍ പുര്‍കായസ്ഥയയുടെ അഭിഭാഷകന് റിമാന്‍ഡ് അപേക്ഷയുടെ പകര്‍പ്പ് കിട്ടുന്നതിന് മുന്‍പ് തന്നെ അദ്ദേഹത്തെ കോടതി റിമാന്‍ഡില്‍ വിട്ടിരുന്നു. ഇത് നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ന്യൂസ് ക്ലിക്ക് എച്ച് ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയേയും ഡല്‍ഹി പൊലീസ് അന്ന് അറസ്റ്റു ചെയ്തിരുന്നെങ്കിലും പിന്നീട് മാപ്പു സാക്ഷിയാക്കുകയായിരുന്നു