വരനെ ആവശ്യമുണ്ട്; വധു 30 വർഷം മുൻപ് മരിച്ചു, പ്രേത വരനെ’ തേടി ഒരു വിവാഹ പരസ്യം

30 വര്‍ഷം മുമ്പ് മരിച്ച് പോയ മകള്‍ക്ക് വേണ്ടി വിവാഹ പരസ്യം നൽകിയ വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിൽ നിന്നുള്ള ഒരു കുടുംബമാണ് മരിച്ച് പോയ യുവാക്കളില്‍ നിന്നും വിവാഹാലോചന ക്ഷണിച്ച് കൊണ്ടുള്ള പരസ്യം നൽകിയത്. ‘കുലേ മദിമേ’ (Kule Madime) അഥവാ ‘പ്രേത മധുവെ’ (Pretha Maduve) എന്നറിയപ്പെടുന്ന പരമ്പരാഗത ചടങ്ങ് നടത്താൻ ആണ് അനുയോജ്യനായ വരനെ തേടി പ്രാദേശിക പത്രത്തിൽ അസാധാരണമായ പരസ്യം നൽകിയത്.
കുലേ മദിമേ, ദക്ഷിണ കന്നഡയിലെയും ഉഡുപ്പിയിലെയും തീരദേശ ജില്ലകളായ തുളുനാട്ടിൽ പ്രചാരത്തിലുള്ള ഒരു ആചാരമാണ്. ജീവിച്ചിരിക്കുന്നവരുടെ ദോഷം തീര്‍ക്കാന്‍ മരിച്ചവരുടെ ആത്മാക്കൾ തമ്മില്‍ നടത്തുന്ന വിവാഹമാണിത്

30 വർഷം മുമ്പാണ് പെണ്‍കുട്ടി മരിച്ചത്. 30 വർഷം മുമ്പ് മരിച്ച അതേ ജാതിയിൽപ്പെട്ട ഒരു ആൺ കുട്ടിയുണ്ടെങ്കിൽ, കുടുംബം ‘പ്രേത മധുവെ’ നടത്താന്‍ തയ്യാറാണെങ്കിൽ താഴെയുള്ള വിലാസത്തില്‍ ബന്ധപ്പെടുക എന്നായിരുന്നു പരസ്യം.
എന്തായാലും പരസ്യം പെട്ടെന്ന് തന്നെ വൈറലായി. ഇതിനകം 50 ഓളം പേര്‍ ചടങ്ങ് നടത്താന്‍ തയ്യാറാണെന്ന് അറിയിച്ച് കുടുംബത്തെ ബന്ധപ്പെട്ടെന്നും പെണ്‍കുട്ടിയുടെ കുടുംബക്കാര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു

കഴിഞ്ഞ അഞ്ച് വര്‍ഷമായി മരിച്ച മകളുടെ ജാതകത്തിന് ചേര്‍ന്ന ആളെ തേടി നടക്കുകയാണെന്നും അവര്‍ പറഞ്ഞു. പരസ്യം നല്‍കിയപ്പോള്‍ തങ്ങള്‍ക്കെതിരെ ട്രോളുകള്‍ ഇറങ്ങുമെന്ന് ആശങ്കപ്പെട്ടിരുന്നെന്നും എന്നാല്‍ വ്യത്യസ്ത ജാതികളില്‍ നിന്ന് പോലും ആളുകള്‍ ചടങ്ങുകളെ കുറിച്ചറിയാന്‍ എത്തുകയാണെന്നും അതുവഴി ഈ ആചാരത്തെ കുറിച്ച് നിരവധി പേര്‍ക്ക് അവബോധമുണ്ടായെന്നും വീട്ടുകാര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ ആചാരം നടത്തിയാല്‍, കുടുംബത്തില്‍ ഇനി നടക്കാനിരിക്കുന്ന വിവാഹങ്ങള്‍ക്ക് അനുയോജ്യമായ പൊരുത്തങ്ങൾക്കുണ്ടാകുന്ന തടസങ്ങള്‍ മാറിക്കിട്ടുമെന്ന് വിശ്വസിക്കപ്പെടുന്നു