പെണ്‍കുട്ടിയെ കൊന്ന് തല അറുത്തെടുത്ത യുവാവ് മരിച്ച നിലയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊലപ്പെടുത്തി തല അറുത്തെടുത്ത് മുങ്ങിയ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കര്‍ണാടകയിലെ മടിക്കേരിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. പ്രതിയെ പിടികൂടാന്‍ പൊലീസ് ശ്രമിക്കുന്നതിനിടെയാണ് പ്രതിയുടെ വീടിന് സമീപത്തു നിന്നും മൃതദേഹം കണ്ടെത്തിയത്. വീടിനടുത്ത് തൂങ്ങിമരിച്ച നിലയിലായിരുന്നു. എന്നാൽ പെൺകുട്ടിയുടെ തല കണ്ടെത്താനായില്ല.

വിവാഹത്തില്‍ നിന്ന് പെണ്‍കുട്ടിയുടെ കുടുംബം പിന്മാറിയതിന്‍റെ പകയില്‍ ആണ് പത്താം ക്ലാസുകാരിയെ യുവാവ് കഴുത്തറുത്ത് കൊന്നത് എന്നാണ് വിവരം. മീന എന്ന പതിനഞ്ചുകാരിയാണ് കൊല്ലപ്പെട്ടത്. വീടിനുള്ളില്‍ നിന്ന് പുറത്തേക്ക് വലിച്ചിട്ടതിന് ശേഷം മാതാപിതാക്കളുടെ കണ്‍മുന്‍പില്‍ വെച്ചാണ് കൊലപ്പെടുത്തിയത്.
പെണ്‍കുട്ടിയും യുവാവുമായുള്ള വിവാഹം വീട്ടുകാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ചിലര്‍ വിവരം ചൈല്‍ഡ് ഹെല്‍പ്പ് ലൈനില്‍ അറിയിച്ചു.
ഇതേ തുടര്‍ന്ന് സാമൂഹിക ക്ഷേമ വകുപ്പ് അധികൃതര്‍ വീട്ടിലെത്തി 18 വയസ് തികയുമ്പോഴെ വിവാഹം നടത്താന്‍ സാധിക്കുകയുള്ളുവെന്ന് ബോധ്യപ്പെടുത്തി. ഇതോടെ പെണ്‍കുട്ടിയുടെ കുടുംബം വിവാഹത്തില്‍ നിന്ന് പിന്മാറി. ഇത് അറിഞ്ഞ യുവാവ് വീട്ടില്‍ കയറി പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവത്രെ