കാമറയും എഴുത്തും ആയുധമാക്കിയവന്‍.. കാട്ടാനകളെ പകര്‍ത്തുന്നതിനിടെ മരണം

പാലക്കാട്: സങ്കടങ്ങൾ തൊട്ടറിയുന്ന ഹൃദയവുമായി എ.വി.മുകേഷ് എന്ന ക്യാമറാമാൻ അലഞ്ഞ വഴികൾ വ്യത്യസ്‌തകൾ ഉള്ളതായിരുന്നു. സഹജീവികളോടുള്ള കരുതൽ ആയിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. പാലക്കാട് കൊട്ടേക്കാട് കാട്ടാനക്കൂട്ടം പുഴ മുറിച്ചു കടക്കുന്നതിന്റെ ദൃശ്യം പകർത്തുന്നതിനിടെയാണ് മാതൃഭൂമി ക്യാമറാമാൻ മുകേഷിന് നേരെ ആനയുടെ ആക്രമണം ഉണ്ടായത്. ഉടൻ തന്നെ പാലക്കാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയാണ് മുകേഷ്. ഭാര്യ ടിഷ.
ദീർഘകാലം മുകേഷ് ഡൽഹിയിൽ ജോലി ചെയ്തിരുന്നു. ഒരു വർഷമായി പാലക്കാട് ബ്യൂറോയിലാണ്. ഡൽഹിയിൽ ജോലി ചെയ്തിരുന്ന കാലത്ത് ‘അതിജീവനം’ എന്നപേരിൽ മാതൃഭൂമി ഡോട്ട് കോമിൽ നൂറിലധികം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അടിച്ചമർത്തപ്പെട്ടവർ, ഒറ്റപ്പെട്ടു പോയവർ, ജീവിതം കൈവിട്ടു പോയവർ, തിരിച്ചുവരവിനായി അവർ നടത്തിയ പോരാട്ടങ്ങൾ തുടങ്ങിയ വേറിട്ട ജീവിതങ്ങളാണ് മുകേഷ് ഈ ലേഖനങ്ങളിലൂടെ എഴുതി വെച്ചത്

ക്യാമറയിലൂടെ കണ്ട കാഴ്ചകൾ ആർദ്രതയുള്ള എഴുത്തായി മാറ്റിയ മുകേഷ് അങ്ങനെ വായനക്കാർക്കും പ്രിയങ്കരനായി. ഇത്തരം നൂറ്റിപ്പത്ത് ജീവിതകഥകൾ എഴുതിയാണ് തീർത്തും അപ്രതീക്ഷിതമായി, കൃത്യനിർവഹണത്തിനിടെ മുകേഷിനെ മരണം
തട്ടിക്കൊണ്ടു പോയത്