മേയറുമായി ഉടക്കിയ ഡ്രൈവര്‍ക്കെതിരെ പരാതിയുമായി നടിയും

തിരുവനന്തപുരത്ത് മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവർ യദുവുമായി ബന്ധപ്പെട്ട വാർത്തകൾക്ക് പിന്നാലെ ഡ്രൈവർക്കെതിരെ പ്രമുഖ നടി റോഷ്‌ന ആന്‍ റോയ് രംഗത്തെത്തി. കുറച്ചു നാളുകള്‍ക്ക് മുന്‍പ് നടന്ന സംഭവം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റോഷ്‌ന പങ്കുവച്ചത്. യദു ഓടിച്ച കെഎസ്ആര്‍ടിസി ബസിന്റെ ചിത്രങ്ങള്‍ അടക്കമാണ് നടിയുടെ പോസ്റ്റ്. മേയര്‍ ആര്യയുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇക്കാര്യം പരസ്യപ്പെടുത്തുന്നതെന്നും നടി പറയുന്നു

‘സഹോദരനൊപ്പം മലപ്പുറത്ത് നിന്ന് എറണാകുളത്തേക്ക് ഡ്രൈവ് ചെയ്തു പോകുമ്പോഴാണ് സംഭവം. കുന്നംകുളം റൂട്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഒരു വണ്ടിക്ക് മാത്രമേ പോകാനുള്ള സ്ഥലമുണ്ടായിരുന്നുള്ളൂ. തങ്ങളുടെ പിന്നിലെ കെഎസ്ആര്‍ടിസി ബസ് തുടര്‍ച്ചയായി ഹോണ്‍ അടിക്കുകയും ഇടിച്ചു ഇടിച്ചില്ല എന്ന മട്ടില്‍ കാറിനെ മറികടക്കുകയും ചെയ്തു. തുടര്‍ന്ന് പിന്നിലായ തങ്ങളും ഹോണ്‍ അടിച്ചു. വളരെ പെട്ടന്ന് അയാള്‍ നടുറോഡില്‍ ബസ് നിര്‍ത്തുകയും സ്ത്രീ ആണെന്ന പരിഗണന ഇല്ലാതെ മോശമായ ഭാഷ ഉപയോഗിക്കുകയും ചെയ്തു. തുടര്‍ന്ന് വഴിയില്‍ എംവിഡിയെ കണ്ടു കാര്യങ്ങള്‍ സംസാരിക്കവേ അവിടെയും ബസ് നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങി നാടകം കളിക്കുകയും റോക്കിഭായി ചമയുകയും ചെയ്യുകയായിരുന്നു’ – നടിയുടെ എഫ് ബി പോസ്റ്റില്‍ ഇങ്ങനെ പറയുന്നു

എംവിഡി പ്രശ്‌നം സോള്‍വ് ചെയ്‌തെങ്കിലും തന്നോട് മോശമായി പെരുമാറിയതില്‍ വീട്ടിലെത്തിയിട്ടും സങ്കടം മാറിയില്ല. തുടര്‍ന്ന് മറ്റൊരു ഡ്രൈവറോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ബസിന് പിന്നിലൊരു ഫോണ്‍ നമ്പര്‍ ഉണ്ടാകുമെന്നും അതില്‍ വിളിച്ച് പരാതി പറയാനും നിര്‍ദേശിച്ചു. എന്നാല്‍ ആ നമ്പറില്‍ വിളിച്ചപ്പോള്‍ നമ്പര്‍ നിലവിലില്ലെന്ന് പറയുകയായിരുന്നു.
മേയറോടു പോലും സംസാരിക്കുന്ന രീതി ഇതാണെങ്കില്‍ സാധാരണക്കാരിയായ എന്നോട് കാണിച്ചതില്‍ ഒരു അത്ഭുതവും ഇല്ലെന്നും നടി രോഷ്‌ന ഫേസ്ബുക്കില്‍ കുറിച്ചു