താരദമ്പതികളായ ജയറാമിന്റേയും പാര്‍വതിയുടേയും മകളായ മാളവിക ജയറാം വിവാഹിതയായി. വരൻ പാലക്കാട്ടുകാരനായ നവനീത് ഗിരീഷാണ്. ഇന്ന് പുലർച്ചെ ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.
ജനുവരിയില്‍ കുടകില്‍ വച്ച് മാളവികയുടേയും നവനീതിന്റേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. നവനീത് യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്. നെന്മാറ കീഴേപ്പാട്ട് കുടുംബാംഗമായ ഗിരീഷ് മേനോന്റേയും വത്സയുടേയും മകനാണ് നവനീത്
ചുവന്ന പട്ടുസാരിയിലാണ് മാളവിക ഒരുങ്ങിയെത്തിയത്. വിവാഹത്തിൽ നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപിയും പങ്കെടുത്തിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജയറാമും പാര്‍വതിയും വിവാഹിതരായതും ഇതേ ഗുരുവായൂര്‍ നടയില്‍ വച്ചായിരുന്നു. ജയറാമിന്റെ മക്കളായ മാളവികയ്ക്കും കാളിദാസിനും ആരാധകർ ഏറെയാണ്. കാളിദാസിന്റെയും തരിണിയുടേയും കല്യാണ നിശ്ചയത്തിന് പിന്നാലെയായിരുന്നു മാളവികയുടേയും നവനീതിന്റെയും വിവാഹനിശ്ചയം നടന്നത്