കഴിഞ്ഞ ദിവസം രാജസ്ഥാനിലെ റാലിയിലായിരുന്നു രാജ്യത്തിന്‍റെ സ്വത്ത് മുസ്ലിങ്ങൾക്ക് നൽകുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിലുണ്ടെന്ന മോദിയുടെ പരമാർശം ഉയർന്നത്. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെ വ്യാപക വിമർശനമാണ് പ്രധാനമന്ത്രിക്കെതിരെ ഉയർന്നത്.
മുസ്ലിം വിഭാഗത്തെ കൂടുതൽ കുട്ടികളുള്ളവരെന്നും നുഴഞ്ഞുകയറ്റക്കാരെന്നുമാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
ഇതിനെതിരെ രംഗത്തുവന്ന കോൺഗ്രസ്
തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് അറിയിച്ചു.
രാജ്യത്തിൻറെ ചരിത്രത്തിൽ ഒരു പ്രധാനമന്ത്രിയും തൻ്റെ പദവിയുടെ അന്തസ് മോദിയോളം താഴ്ത്തിയിട്ടില്ലെന്ന്
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
ഇന്ത്യ വഴി തെറ്റില്ലെന്നും ആദ്യഘട്ട വോട്ടെടുപ്പിലുണ്ടായ നിരാശ മൂലം മോദിയുടെ നിലവാരം കുറയുകയാണെന്നുമായിരുന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കുറ്റപ്പെടുത്തൽ. ഭയം നിമിത്തം, പ്രശ്നങ്ങളിൽ നിന്ന് പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു. രാജ്യം തൊഴിലിനും കുടുംബത്തിനും ഭാവിക്കും വേണ്ടിയാണ് വോട്ട് ചെയ്യുകയെന്നും രാഹുൽ എക്‌സിൽ കുറിച്ചു
പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ മുസ്ലിം സംഘടനകളും രംഗത്തെത്തി.
2002 മുതൽ ഇന്നുവരെ മുസ്ലീങ്ങളെ അധിക്ഷേപിച്ച്, വോട്ട് നേടുക എന്നത് മാത്രമാണ് മോദിയുടെ ഗ്യാരന്റിയെന്ന് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദ്-ഉൽ-മുസ്ലിമീൻ പ്രസിഡൻ്റ് അസദുദ്ദീൻ ഒവൈസി കുറ്റപ്പെടുത്തി.
മോദി ഇന്ന് മുസ്‌ലിംകളെ നുഴഞ്ഞു കയറ്റക്കാരെന്നും ധാരാളം കുട്ടികളുള്ള ആളുകളെന്നുമാണ് വിളിച്ചതെന്ന് ഒവൈസി കൂട്ടിച്ചേര്‍ത്തു
2006ൽ നാഷണൽ ഡെവലപ്‌മെന്റൽ കൗൺസിൽ ചർച്ചയിൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്, ന്യുനപക്ഷങ്ങളെയും
എസ് സി- എസ് ടി വിഭാഗങ്ങളെയും ശാക്തീകരിക്കുന്നതിൽ ഊന്നൽ നൽകണമെന്നും, വികസനത്തിന്റെ ഗുണം അവരിലേക്കെത്തിക്കണമെന്നും രാജ്യത്തിൻറെ വിഭവങ്ങളിൽ അവർക്കാണ് പ്രഥമ അവകാശമെന്നും പറഞ്ഞിരുന്നു. ഇതിനെയാണ് മോദി വളച്ചൊടിച്ച് വിഭാഗീയമായി ചിത്രീകരിച്ചത്