ദിലീപിന്റെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പറയാൻ മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിലെ വസ്തുതാന്വേഷണ റിപ്പോർട്ടിലെ സാക്ഷി മൊഴി അതിജീവിതയ്ക്ക് നൽകുന്നതിനെതിരായ ദിലീപിന്റെ ഹർജി ഉത്തരവിനായി മാറ്റി. തന്റെ എതിർപ്പ് രേഖപ്പെടുത്താതെയാണ് സിംഗിൾ ബെഞ്ച് അതിജീവിതയ്ക്ക് സാക്ഷി മൊഴി പകർപ്പ് നൽകാൻ ഉത്തരവിട്ടതെന്ന് ദിലീപ് കോടതിയെ അറിയിച്ചു. തീർപ്പാക്കിയ ഹർജിയിൽ പുതിയ ആവശ്യങ്ങൾ പരിഗണിക്കുന്നത് സുപ്രിം കോടതി വിധിയുടെ ലംഘനമാണെന്ന് ദിലീപ് വാദിച്ചു

വസ്തുത അന്വേഷണ റിപ്പോർട്ടിലെ മൊഴിപ്പകർപ്പുകൾ ആവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജിയിൽ ദിലീപ് നേരത്തെ തന്നെ എതിർപ്പ് ഉന്നയിച്ചിരുന്നു. മൊഴിപ്പകർപ്പുകൾ അതിജീവിതക്ക് നൽകാൻ ജസ്റ്റിസ് ടി.ആർ.രവിയാണ് ഉത്തരവിട്ടത്. സിംഗിൾ ബെഞ്ച് തന്റെ എതിർപ്പ് രേഖപ്പെടുത്തിയില്ലെന്നാണ് ദിലീപ് ഇന്ന് കോടതിയിൽ വാദിച്ചത്. മാധ്യമ റിപ്പോർട്ടുകൾ കോടതിയെ അപകീർത്തിപ്പെടുത്തുന്നു എന്നും ദിലീപ് വാദിച്ചു

എന്നാൽ തന്‍റെ മൗലികാവകാശം ലംഘിക്കപ്പെട്ടതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും മൊഴിപ്പകർപ്പ് നൽകേണ്ടതില്ലെന്ന് പറയാൻ പ്രതിക്ക് അവകാശമില്ലെന്നുമായിരുന്നു അതിജീവിതയുടെ വാദം. തന്‍റെ ആവശ്യപ്രകാരമാണ് വസ്തുതാന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. വസ്തുതാന്വേഷണ റിപ്പോർട്ടിലെ മൊഴികൾ അറിയാൻ ഹർജിക്കാരി എന്ന നിലയിൽ തനിക്ക് അവകാശമുണ്ടെന്നും അതിജീവിത വ്യക്തമാക്കി. വാദം പൂർത്തിയായതോടെ ജസ്റ്റിസുമാരായ എൻ.നഗരേഷ്, പി.എം.മനോജ് എന്നിവരുടെ ഡിവിഷൻ ബെഞ്ച് അപ്പീൽ വിധി പറയാൻ മാറ്റുകയായിരുന്നു