പ്രധാനമന്ത്രിക്ക് മറുപടി നൽകി മുഖ്യമന്ത്രി..

 

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് വിവാദത്തിൽ പ്രധാനമന്ത്രിയുടെ ആരോപണങ്ങൾ തെരഞ്ഞെടുപ്പായത് കൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 117 കോടി നിക്ഷേപം തിരികെ കൊടുത്തു. 8.16 കോടി രൂപയുടെ പുതിയ വായ്പ നൽകി. 103 കോടി രൂപ വായ്പയെടുത്തവര്‍ തിരിച്ച് നൽകി. തട്ടിപ്പ് കണ്ടെത്തിയത് സംസ്ഥാന സഹകരണ വകുപ്പാണ്. കുറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിച്ചതും സംസ്ഥാന സര്‍ക്കാരാണ്. പ്രധാനമന്ത്രിക്ക് ഇതൊന്നും മനസിലാകാഞ്ഞിട്ടല്ല, തെരഞ്ഞെടുപ്പായത് കൊണ്ട് പറയുന്നതാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി

CPMന്റെ അക്കൗണ്ട് മരവിപ്പിച്ചാലൊന്നും തൃശൂരിൽ സുരേഷ് ഗോപിക്ക് രക്ഷ ഉണ്ടാകില്ലെന്നും ജനങ്ങൾ നൽകുന്ന സംഭാവന കൊണ്ടാണ് തങ്ങൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തുന്നതെന്നും, മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു ‘തങ്ങളുടെ കൈയിൽ കുറച്ച് കാശ് എല്ലാ കാലത്തും ഉണ്ടാകാറുണ്ട്, അത് രഹസ്യമല്ല. കേന്ദ്രത്തിന് നൽകുന്ന കണക്കിലും വ്യക്തമാക്കുന്ന കാര്യമാണ്. അതിൽ നിന്ന് ഒരു ഭാഗം തിരഞ്ഞെടുപ്പിൽ ചെലവഴിക്കാറുണ്ട്. തൃശൂരിൽ ഉറപ്പായും സുരേഷ് ഗോപി തോൽക്കും. ഇഡിക്കോ ബിജെപിക്കോ അദ്ദേഹത്തെ രക്ഷിക്കാൻ കഴിയില്ല’- മുഖ്യമന്ത്രി പറഞ്ഞു

സംസ്ഥാനത്ത് ബിജെപി-സിപിഎം ഡീലുണ്ടെന്ന ആരോപണം കോൺഗ്രസിന്റെ മോഹമാണ്. രാഷ്ട്രീയ ചെറ്റത്തരം കാട്ടുന്ന പാര്‍ട്ടിയല്ല സിപിഎം. ബിജെപിക്കെതിരെ അതിനിശിതമായ നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ് സിപിഎം. കെകെ ശൈലജ അടക്കം എല്ലാ ഇടത് സ്ഥാനാര്‍ത്ഥികൾക്കുമെതിരെ സൈബര്‍ ആക്രമണം നടക്കുന്നുണ്ട്. അത് കോൺഗ്രസിന്റെ ശൈലിയാണ്. വർഗീയതയുമായി സന്ധി ചേരാൻ ഒരുതരത്തിലും കോൺഗ്രസ് മടി കാണിക്കുന്നില്ല. 2019-ലേതിന് നേർ വിപരീതമായ ഫലമായിരിക്കും ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഉണ്ടാകുക. ബി.ജെ.പി മുന്നണി എല്ലാ മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടും. കോൺഗ്രസ്സ് നയിക്കുന്ന മുന്നണിക്ക് കേരള ജനത കനത്ത ശിക്ഷ നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു

കേരളം, നീതി ആയോഗിന്റെ സുസ്ഥിരവികസന സൂചികയിൽ ഒന്നാമതാണ്. ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനം, ആരോഗ്യ സൂചികയിൽ തുടർച്ചയായി നാലാം വർഷവും ഒന്നാമത്, ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയതിനുളള കേന്ദ്ര സർക്കാരിന്റെ അവാർഡ്, ഉയർന്ന ദിവസ വേതനമുള്ള സംസ്ഥാനമായി റിസർവ് ബാങ്കിന്റെ അംഗീകാരം, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ശ്രേഷ്ഠതാ സൂചികയിൽ ഒന്നാമത്. മികച്ച വാർദ്ധക്യ പരിചരണത്തിന് വയോശ്രേഷ്ഠതാ സമ്മാൻ -ഇങ്ങനെ അംഗീകാരങ്ങളുടെ നീണ്ട പട്ടികയുണ്ട്. ഇത്തരത്തില്‍ ഒരു തരത്തിലും അവഗണിക്കാൻ കഴിയാത്തത്രയും ഉയരത്തിൽ നിൽക്കുന്ന സംസ്ഥാനമായതുകൊണ്ടാണ് രാഷ്ട്രീയമായ വേട്ടയാടലിലും കേരളത്തെ അംഗീകരിക്കേണ്ടി വരുന്നത്. മേൽപ്പറഞ്ഞ റാങ്കിങ്ങുകളിൽ ഉത്തർപ്രദേശ് എത്രാം സ്ഥാനത്തു നിൽക്കുന്നു എന്നത് വരാണസി എംപി കൂടിയായ പ്രധാനമന്ത്രി സ്വയം ചോദിച്ചു നോക്കുന്നത് നന്നാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു