മരിച്ചവര്‍ അന്യഗ്രഹ ജീവിതം ഉണ്ടെന്ന് വിശ്വസിച്ചിരുന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്..

തിരുവനന്തപുരം: അരുണാചലിൽ മരിച്ച ദമ്പതികളും സുഹൃത്തും അന്യഗ്രഹ ജീവിതം ഉണ്ടെന്ന് വിശ്വസിച്ചതിന്റെ കൂടുതൽ തെളിവുകൾ പുറത്തു വന്നു. സ്പേസ്ഷിപ്പുകളെ കുറിച്ചുള്ള ചിത്രങ്ങളടക്കം സൂക്ഷിച്ചിട്ടുള്ള ലാപ്ടോപ്പിൽ ഭൂമിയിലെ മനുഷ്യരെയും മൃഗങ്ങളെയും മറ്റ് ഗ്രഹങ്ങളിലേക്ക് കൊണ്ടു പോകാം എന്നതിനുള്ള വിചിത്ര രേഖകളുണ്ട്. ആര്യയുടെ ലാപ്ടോപ്പിൽ നിന്നാണ് വിചിത്ര വിശ്വാസങ്ങളുടെ രേഖകൾ പൊലീസ് കണ്ടെത്തിയത്. ദിനോസറുകൾക്ക്‌ വംശ നാശം സംഭവിച്ചിട്ടില്ലന്നും അവയെ മറ്റൊരു ഗ്രഹത്തിലേക്ക് മാറ്റിയെന്നുമാണ് ഈ രേഖകളിൽ പറയുന്നത്. ദിനോസറുകളെക്കുറിച്ച് മുതൽ മനുഷ്യഭാവിയെക്കുറിച്ച് വരെ രേഖയിൽ ഉണ്ട്

ഭൂമി അധികനാൾ നിലനിൽക്കില്ലെന്ന് വാദിക്കുന്ന രേഖകളാണിത്. ഭൂമിയിലെ 90% മനുഷ്യരെയും മൃഗങ്ങളെയും മറ്റ് ഗ്രഹങ്ങളിലേക്ക് കൊണ്ടുപോകും. സ്പേസ് ഷിപ്പുകളുടെ ഇന്ധനം ഉൽക്കകളിൽ നിന്നുള്ള ആന്റി കാർബൺ ആണ്. അന്റാർട്ടിക്കയിൽ ഗവേഷണ കേന്ദ്രവും സ്പേസ്ഷിപ്പുകളുമുണ്ടെന്നും രേഖകളിൽ പറയുന്നു. ആൻഡ്രോമീഡ ഗാലക്സിയിൽ നിന്നുള്ള അന്യഗ്രഹ ജീവിയുമായുള്ള സംഭാഷണം എന്ന നിലയിലാണ് ഇവ കണ്ടെത്തിയത്. 466 പേജ് ഉള്ള രേഖയുടെ പകർപ്പ് പൊലീസ് പുറത്തു വിട്ടു