അസാധാരണ നീക്കത്തിലൂടെ, രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീംകോടതിയിൽ

നിയമസഭ പാസാക്കുന്ന ബില്ലുകള്‍ക്ക് അനുമതി വൈകുന്നതില്‍ രാഷ്ട്രപതിക്കെതിരെ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കി കേരളം. കാരണമൊന്നും വ്യക്തമാക്കാതെ അനുമതി വൈകിപ്പിക്കുന്ന രാഷ്ട്രപതിയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചാണ് കേരളം സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഹര്‍ജിയില്‍ എതിര്‍കക്ഷിയാണ്. സംസ്ഥാന ചീഫ് സെക്രട്ടറിയാണ് അസാധാരണ നീക്കത്തിലൂടെ രാഷ്ട്രപതിയുടെ സെക്രട്ടറിയെ കൂടി കക്ഷി ചേർത്ത് സുപ്രീം കോടതിയിൽ റിട്ട് ഫയൽ ചെയ്തത്

ബില്ലുകൾക്ക് കാരണമൊന്നും വ്യക്തമാക്കാതെ അനുമതി വൈകിപ്പിക്കുന്ന രാഷ്ട്രപതിയുടെ നടപടി ഏകപക്ഷീയവും ഭരണഘടനയുടെ 14, 200, 201 എന്നീ വകുപ്പുകളുടെ ലംഘനവുമാണെന്നാണ്‌ കേരളത്തിന്റെ വാദം. വിശദമായ നിയമോപദേശം കേരളം തേടിയിരുന്നു. ഇതിന് ശേഷമാണ് രാഷ്ട്രപതിക്കെതിരെ ഹര്‍ജി നല്‍കിയിരിക്കുന്നത്

ബില്ലുകള്‍ ഒപ്പിടാതെ പിടിച്ച് വച്ചിരിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചപ്പോള്‍ 7 ബില്ലുകള്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചിരുന്നു. ഇതില്‍ ലോകായുക്ത ബില്ലുകള്‍ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയിരുന്നു. 4 ബില്ലുകള്‍ക്ക് അനുമതി നിഷേധിക്കുകയും ചെയ്തു. 2 ബില്ലുകളില്‍ തീരുമാനം വരാനുമുണ്ട്. ചാൻസലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ല്, സര്‍വകലാശാല നിയമ ഭേദഗതി ബില്ല്, വൈസ് ചാൻസലര്‍മാരെ നിര്‍ണയിക്കുന്ന സെര്‍ച്ച്‌ കമ്മിറ്റിയിൽ ഗവര്‍ണറുടെ അധികാരം കുറയ്ക്കാനുള്ള ബില്ല്, ക്ഷീര സംഘം സഹകരണ ബില്ല് എന്നിവയ്ക്കാണ് രാഷ്ട്രപതി അനുമതി വൈകിപ്പിക്കുന്നത്