പുതുതായി പെയിന്റടിച്ച ചുമരിനുള്ളിൽ നിന്ന് ഘോര ശബ്ദങ്ങൾ..

പുതുതായി പെയിന്റടിച്ച ചുമരിനുള്ളിൽ നിന്നും ഘോര ശബ്ദങ്ങൾ ഉയർന്ന വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വിചിത്ര ശബ്ദങ്ങൾ ഉയർന്നതിന് പിന്നാലെ പോലീസിന്റെ സഹായം തേടുകയാണ് യുവതി ചെയ്തത്

ചുമരിലെ പ്ലാസ്റ്റര്‍ പഴകി അടര്‍ന്ന് പോയതിന് പിന്നാലെ തന്‍റെ വീടിന്‍റെ ചുമര്‍ പുതുതായി പ്ലാസ്റ്റര്‍‌ ചെയ്ത് പെയിന്‍റ് അടിച്ചു. അന്ന് വൈകീട്ട് ജോലിക്കാര്‍ പോയതിന് പിന്നാലെ പ്ലാസ്റ്റർ പരിശോധിക്കുന്നതിനിടെയാണ് ചുമരില്‍ നിന്ന് അസാധാരണമായ ശബ്ദം കേട്ടത്. അമേരിക്കയിലെ പെൻസിൽവാനിയയിൽ നിന്നുള്ള ജെയ് എന്ന സ്ത്രീയ്ക്കാണ് ഇത്തരത്തിലൊരു അനുഭവം ഉണ്ടായത്

യുവതി തന്‍റെ അനുഭവം പങ്കുവെച്ചത് ഇങ്ങനെ, അടുത്തിടെ എന്‍റെ വീടിന്‍റെ ചുവരുകളിൽ പുതിയ പ്ലാസ്റ്റർ ചെയ്തു. വളരെ ഭം​ഗിയുണ്ടായിരുന്നു അത് കാണാൻ. ജോലിക്കാർ പോയതിന് ശേഷം, ഞാൻ ഡ്രോയിംഗ് റൂമിൽ കറങ്ങി പ്ലാസ്റ്റർ പരിശോധിക്കുകയായിരുന്നു. ഇതിനിടയിൽ എന്‍റെ വളർത്ത് പൂച്ചകളിൽ ഒന്നിനെ കാണാതായത് ഞാൻ ശ്രദ്ധിച്ചിരുന്നു. പക്ഷേ അത് അത്ര ​ഗൗരവമായി എടുത്തില്ല
കുറച്ച് സമയത്തിന് ശേഷം, വീടിന്‍റെ ഭിത്തിയിൽ നിന്ന് അസാധാരണവും വിചിത്രവുമായ ഒരു ശബ്ദം കേൾക്കാൻ തുടങ്ങി. ഞാൻ ശിരിക്കും ഭയന്നു, ഉടൻ തന്നെ പോലീസിനെ വിളിക്കുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. വീട്ടിലെത്തിയ പോലിസ് ഭിത്തിയിൽ ദ്വാരമുണ്ടാക്കണമെന്ന് ആവശ്യപ്പട്ടു. തുടർന്ന് പോലീസ് തന്നെ ചെറിയൊരു ദ്വാരമുണ്ടാക്കി. ദ്വാരത്തിലൂടെ പുറത്ത് വന്ന ശബ്ദം കാണാതായ പൂച്ചയുടെതായിരുന്നു. ഉടൻ തന്നെ ചുമരില്‍ സാമാന്യം വലിയൊരു ദ്വാരമുണ്ടാക്കി പൂച്ചയെ പുറത്തെടുത്തു

പ്ലാസ്റ്ററിങ്ങിനിടെ ജോലിക്കാരുടെ ശ്രദ്ധ തെറ്റിയപ്പോളാകാം പൂച്ച ചുമരിനുള്ളിലെ വിടവിലേക്ക് കയറിയത്. ഇതറിയാതെ ജോലിക്കാര്‍ ചുമര്‍ പ്ലാസ്റ്റര്‍ ചെയ്തതാകാമെന്നും യുവതി പറയുന്നു. എന്തായാലും പൂച്ചയെ പുറത്തെടുക്കുന്ന വീഡിയോ യുവതി ടിക്ക് ടോക്ക് സാമൂഹിക മാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്