കല്ല്യാണം കഴിക്കാൻ പെണ്ണില്ലാത്ത അവസ്ഥയെത്തുടർന്ന് നാട് വിടാൻ ഒരുങ്ങിയ യുവാക്കളുടെ വാർത്തയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. മധ്യപ്രദേശിലെ ജറുവ ഗ്രാമത്തിലെ നിവാസികൾക്കാണ് ഈ ദുർഗതി. അതോടൊപ്പം കുടിവെള്ള പ്രതിസന്ധിയും രൂക്ഷമായിരിക്കുകയാണ്. 1200 നിവാസികൾ താമസിക്കുന്ന ഈ ഗ്രാമത്തിൽ വെള്ളമുള്ള ഒരു കുടിവെള്ള സ്രോതസ്സ് പോലുമില്ല. ആകെയുള്ളതാകട്ടെ ഗ്രാമത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള അഴുക്കുചാലുകളിൽ സ്ഥിതി ചെയ്യുന്ന ഒരു കുളം മാത്രം. മറ്റ് മാർഗങ്ങളൊന്നുമില്ലാത്തിനാൽ അഴുക്കുജലം കെട്ടിക്കിടക്കുന്ന ഈ കുളത്തിനെയാണ് ഇവിടുത്തെ ജനങ്ങളും ആടുമാടുകളുമെല്ലാം ദാഹമകറ്റാൻ ആശ്രയിക്കുന്നത്.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയതുകൊണ്ട് തന്നെ മറ്റൊരു വെല്ലുവിളി കൂടി നേരിടേണ്ട അവസ്ഥയിലാണ് ഈ ഗ്രാമത്തിലെ യുവാക്കൾ. കാര്യം മറ്റൊന്നുമല്ല ഇവിടുത്തെ അവിവാഹിതരായ പുരുഷന്മാർക്ക് ഇപ്പോൾ വിവാഹാലോചനകൾ നടക്കുന്നതേ ഇല്ല. കുടിവെള്ളമില്ലാത്ത ഒരു ഗ്രാമത്തിലേക്ക് വിവാഹം കഴിച്ചുവരാൻ ആരും തയ്യാറല്ല എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ ഗ്രാമത്തിലെ യുവതികളാകട്ടെ മറ്റ് ഗ്രാമങ്ങളിലേക്ക് വിവാഹം കഴിച്ച് പോവുകയും ചെയ്യുന്നു.
ആദിവാസികൾ കുടുതലുള്ള പ്രദേശമാണ് ജറുവ. ഗ്രാമത്തിലെ ആളുകൾ ഈ ദുരിതം അനുഭവിക്കാൻ തുടങ്ങിയിട്ട് 15 വർഷത്തിലധികമായതായാണ് ഗ്രാമവാസികൾ തന്നെ പറയുന്നത്. ഗ്രാമവാസികൾ അവരുടെ ഒരു ദിവസത്തിൻ്റെ പ്രധാനഭാഗം വെള്ളം ശേഖരിക്കുന്നതിനായി കിലോമീറ്ററുകൾ താണ്ടി നടത്തുന്ന യാത്രകൾക്കാണ് ഉപയോഗിക്കുന്നത്. കാലങ്ങളായി തുടരുന്ന ജലക്ഷാമം പരിഹരിക്കാൻ കാര്യമായ നടപടികൾ സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഗ്രാമവാസികളിൽ നിന്നും ഉയരുന്നത്.