കൽപ്പറ്റ: ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥനെ മർദ്ദിച്ച കാര്യം പുറത്തറിയാതിരിക്കാൻ പ്രതികൾ ഭീഷണിപ്പെടുത്തിയാതായി സഹപാഠികൾ. വിവരം പുറത്തു പറഞ്ഞാൽ തലയുണ്ടാകില്ലെന്ന് ഒളിവിലുള്ള പ്രതി സിൻജോ ജോൺസൻ മുന്നറിയിപ്പ് നൽകി. ഭീഷണി പേടിച്ചാണ് ആരും സിദ്ധാർത്ഥനെ രക്ഷിക്കാൻ തുനിയാഞ്ഞതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു
ക്യാമ്പസിൽ സിദ്ധാർത്ഥൻ നേരിട്ട കൊടും ക്രൂരത വിദ്യാർത്ഥിക്കൂട്ടം കണ്ടു നിൽക്കുകയായിരുന്നു. ഒരാൾ പോലും സിദ്ധാർത്ഥൻ്റെ രക്ഷയ്ക്ക് വന്നില്ല. 130 കുട്ടികളുള്ള ഹോസ്റ്റലിലാണ് സിദ്ധാർത്ഥൻ പരസ്യ വിചാരണ നേരിടേണ്ടി വന്നത്. അടുത്ത സുഹൃത്തുക്കൾ പോലും സഹായിച്ചില്ല. ഇത് സിദ്ധാർത്ഥിനെ മാനസികമായി തളർത്തിയെന്ന് പൊലീസ് പറയുന്നു
ഇത്തരം സംഭവങ്ങളില്‍ ആരും പ്രതികരിക്കരുതെന്നത് വെറ്റിനറി കോളേജിലെ അലിഖിത നിയമമാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഹോസ്റ്റലിലെ അടി അവിടെ തീരണ മെന്നാണത്രെ തിട്ടൂരം
ഹോസ്റ്റലിലെ നടുമുറ്റത്ത് വച്ച് വിദ്യാർത്ഥികൾ കണ്ടു നിൽക്കെയായിരുന്നു ക്രൂര മർദനം. മൂന്ന് മണിക്കൂർ നീണ്ട പീഡനം. അതുകഴിഞ്ഞ് സംഭവത്തിൻ്റെ സൂത്രധാരന്മാരിൽ ഒരാളായ സിൻജോ ജോൺസൻ വിദ്യർത്ഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരം പുറത്തുപറഞ്ഞാൽ തലയുണ്ടാകില്ലെന്നായിരുന്നു ആക്രോശം. ഇതോടെ ആരും ആശുപത്രിയില്‍ കൊണ്ടു പോവാനും തയ്യാറായില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഭീഷണി ഉള്ളത് കൊണ്ട് തന്നെ വിവരം കോളേജ് അധികൃതരുടെ ശ്രദ്ധയിലും ആരും പെടുത്തിയില്ല. ഇതോടെ ശാരീരികമായും മാനസികമായും അവശനായ സിദ്ധാർത്ഥൻ ജീവനൊടുക്കുകയായിരുന്നുവെന്നാണ് നിഗമനം. അതേ സമയം ആത്മഹത്യ അല്ലെന്നും എസ്എഫ്ഐയുടെ നേതൃത്വത്തില്‍ നടത്തിയ കൊലപാതകമാണെന്നുമാണ് വീട്ടുകാര്‍ ആരോപിക്കുന്നത്