പോലീസിനെ നേരിടാന്‍ ഡൽഹി ചലോ മാർച്ചിന് വൻ സന്നാഹവുമായി കർഷകർ

ദില്ലി: കർഷകസമരത്തിന്റെ ഭാഗമായുള്ള ഡൽഹി ചലോ മാർച്ചിനെ പ്രതിരോധിക്കാൻ വൻ സന്നാഹങ്ങളുമായി കർഷകർ. മാർച്ച് ഇന്ന് പുനരാംരംഭിക്കാനിരിക്കെ അതിർത്തി കേന്ദ്രങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ശംഭുവിൽ ബാരിക്കേഡുകൾ തകർത്ത് മുന്നേറാൻ ശ്രമിച്ചേക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് യുദ്ധ സമാനമായ സുരക്ഷ കൂട്ടിയത്.

അതേ സമയം പോലീസ് സ്ഥാപിച്ച ബന്തവസ്സ് പൊളിക്കാൻ ഹൈഡ്രോളിക് ക്രെയിൻ ഉൾപ്പെടെയുള്ള സന്നാഹങ്ങൾ കർഷകരും സജ്ജമാക്കിയിട്ടുണ്ട്.
പോലീസ് പ്രതിരോധത്തെ തകർക്കാനുള്ള വലിയ ഒരുക്കങ്ങളാണ് കർഷകർ നടത്തിയത്. യുദ്ധടാങ്കുകൾക്ക് സമാനമായി സജ്ജീകരിച്ച മണ്ണു മാന്തിയന്ത്രങ്ങൾ ശംഭു അതിർത്തിയിലെത്തിച്ചു

പ്രതിഷേധത്തിന്റെ ആദ്യ ദിനങ്ങളിൽ കർഷകർക്കു നേരെ വലിയ തോതില്‍ കണ്ണീർ വാതക- റബ്ബർ ബുള്ളറ്റ് പ്രയോ​ഗം പോലീസ് നടത്തിയിരുന്നു. ഇതിനെ പ്രതിരോധിക്കാനാണ് ഇരുമ്പു ഷീറ്റുകൾകൊണ്ട് പൊതിഞ്ഞ മണ്ണുമാന്തി യന്ത്രങ്ങൾ പ്രത്യേകം തയ്യാറാക്കിയിരിക്കുന്നത്. ഡ്രൈവറുടെ
ക്യാബിന് ചുറ്റും ഇരുമ്പു ഷീറ്റുകൾകൊണ്ട് കവചം തീർത്തതിനാൽ കണ്ണീർവാതക ഷെല്ലുകളെയും മറ്റും തരണംചെയ്ത് മുന്നോട്ടു പോകാനാവും. ലോറികളിൽ അത്യാധുനിക യന്ത്രങ്ങൾ എത്തിക്കുന്ന കർഷകരുടെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്