തന്റെ മാതാപിതാക്കൾക്ക് തന്നെക്കാൾ സ്നേഹം മറ്റ് സഹോദരങ്ങളോടാണെന്ന തോന്നൽ ഇല്ലാത്ത കുട്ടികൾ ഉണ്ടാവില്ലെന്ന് തന്നെ പറയാം. അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അച്ഛനെതിരെ വിചിത്ര പരാതിയുമായി എത്തിയിരിക്കുകയാണ് 10 വയസുകാരൻ. സംഭവം അങ്ങ് ചൈനയിലാണ്. ഒരു വർഷത്തിനുള്ളിൽ കുട്ടി എട്ട് തവണയാണ് അച്ഛനെപ്പോഴും തന്നെ അവഗണിക്കുന്നു എന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങുന്നത്. ഹുനാൻ പ്രവിശ്യയിൽ നിന്നുള്ളതാണ് എട്ട് വയസ്സുകാരൻ. ഓരോ തവണ വീട്ടുകാർ തന്നെ അവഗണിക്കുന്നു എന്ന് തോന്നുമ്പോഴും കുട്ടി ഒരു കിലോമീറ്റർ ദൂരം നടന്ന് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ എത്തും. ഏറ്റവും ഒടുവിൽ കുട്ടി പോലീസ് സ്റ്റേഷനിൽ എത്തിയതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്
തണുപ്പിനെ പ്രതിരോധിക്കാൻ സാധിക്കാത്ത തരത്തിലുള്ള വസ്ത്രമാണ് വീഡിയോയിൽ കുട്ടി ധരിച്ചിരുന്നത്. അതേ കുറിച്ച് പോലീസ് ചോദിക്കുമ്പോഴേക്കും അവൻ പൊട്ടിക്കരഞ്ഞു.
അപ്പോഴേക്കും അവന്റെ അച്ഛൻ ഒരു കോട്ടുമായി അവിടെ എത്തുകയും ആ കോട്ട് അവനെ ധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ അവനത് സമ്മതിക്കുന്നില്ല. പിന്നീട്, എന്തു കൊണ്ടാണ് അച്ഛനോട് തനിക്കിത്ര ദേഷ്യം എന്നും അവൻ വിവരിക്കുന്നു. അച്ഛന് തന്റെ കാര്യത്തിൽ തീരെ ശ്രദ്ധയില്ല എന്നാണ് കുട്ടി പറയുന്നത്. തന്നേക്കാൾ കൂടുതൽ സ്നേഹവും പരിഗണനയും അച്ഛൻ തന്റെ ചേച്ചിക്ക് കൊടുക്കുന്നുണ്ട് എന്നും കുട്ടി പറയുന്നു. തുടര്‍ന്ന് അവന്റെ മാതാപിതാക്കൾ പൊലീസിനോട് തങ്ങളുടെ ഭാഗത്ത് തെറ്റുണ്ട് എന്ന് ഏറ്റു പറഞ്ഞു.
ജോലിത്തിരക്കും മറ്റും കാരണം കുട്ടിയെ വേണ്ടത്ര ശ്രദ്ധിക്കാൻ സാധിച്ചില്ല, ഇനിയങ്ങനെ ഉണ്ടാവില്ല എന്നും അവര്‍ പോലീസിന് ഉറപ്പ് നല്‍കി