ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത ഉൾപ്പെടെയുള്ളവരിൽനിന്ന് പിടിച്ചെടുത്ത കോടികൾ വില വരുന്ന ജംഗമ വസ്തുക്കൾ വൈകാതെ തമിഴ്‌നാട് സർക്കാരിന് കൈമാറും. സ്വർണ- വജ്ര- വെള്ളി ആഭരണങ്ങൾ, സ്വർണ-വെള്ളി-പാത്രങ്ങൾസാരികൾ, ചെരുപ്പുകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള കോടികൾ വില വരുന്ന വസ്തുക്കളാണ് തമിഴ്നാട് സർക്കാരിന് വിട്ടു നൽകുന്നത്. ബെംഗളുരുവിൽ ട്രഷറിയിൽ സൂക്ഷിച്ചിരിക്കുന്ന തൊണ്ടിമുതൽ കൈപ്പറ്റാൻ 6 വലിയ പെട്ടികളുമായി മാർച്ച് 6,7 തിയ്യതികളിൽ എത്താൻ തമിഴ്നാട് സർക്കാരിന് ബെംഗളുരു 32-ാം അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി നിർദേശം നൽകി
തമിഴ്നാട് സർക്കാർ ചുമതലപ്പെടുത്തിയ ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറിയും വിജിലൻസ് ഐ ജിയും നേരിട്ടെത്തി തൊണ്ടിമുതൽ കൈപ്പറ്റണമെന്നാണ് കോടതി നിർദ്ദേശം. മുഴുവൻ നടപടിക്രമങ്ങളും വീഡിയോയിൽ ചിത്രീകരിക്കണമെന്നും ഉദ്യോഗസ്ഥർക്ക് സുരക്ഷ ഒരുക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്