നാലുവയസുകാരനെ കൊലപ്പെടുത്തിയിട്ടില്ല; ഉറങ്ങിയെണീറ്റപ്പോള്‍ ജീവനുണ്ടായിരുന്നില്ലെന്ന് അമ്മ

നാലുവയസുകാരന്‍ മകനെ കൊലപ്പെടുത്തിയെന്ന ആരോപണം നിരസിച്ച് ‘അമ്മ. ബെംഗളൂരു എ.ഐ സ്റ്റാര്‍ട്ടപ് സി.ഇ.ഒ സുചന സേഥ് ആണ് താൻ കുഞ്ഞിനെ കൊലപ്പെടുത്തിയിട്ടില്ലെന്ന് പറഞ്ഞത്. ഉറങ്ങിയെണീറ്റപ്പോൾ കുഞ്ഞിന് ജീവനുണ്ടായിരുന്നില്ലെന്നും കു‍ഞ്ഞ് അനക്കമില്ലാതെ കിടക്കുന്നതാണ് താൻ കണ്ടെതെന്നുമാണ് അമ്മ പറയുന്നത്. അതേസമയം ഇവര്‍ കഴിഞ്ഞ മുറിയില്‍ നിന്നും ചുമയ്ക്കുള്ള സിറപ്പിന്‍റെ കാലിക്കുപ്പികള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിന് അമിത അളവില്‍ സിറപ്പ് നല്‍കിയിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് പൊലീസ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ മല്‍പ്പിടുത്തം നടന്നതിന്‍റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. തലയണയോ ഹോട്ടല്‍മുറിയിലെ പുതപ്പോ കൊണ്ട് കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.

സുചനയുടെ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ലെന്നും കുട്ടിയുടെ കൊലപാതകത്തിന് പിന്നിലുള്ള ലക്ഷ്യങ്ങള്‍ കണ്ടത്തേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു. അറസ്റ്റിലായ സുചനയെ മപുസയിലെ കോടതിലാണ് ഹാജരാക്കിയത്. കോടതി ഇവരെ ആറുദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സുചന കൈത്തണ്ട കത്രിക കൊണ്ട് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഒടുവില്‍ ടാക്സിയില്‍ ബെംഗളൂരുവിലേക്ക് കടക്കുന്നതിനിടെയാണ് ചിത്രദുര്‍ഗയില്‍ വച്ച് പൊലീസ് പിടികൂടിയത്. കു‍ഞ്ഞിന്‍റെ നെഞ്ചും മുഖവും ശ്വാസംമുട്ടിയതിനെ തുടര്‍ന്ന് വീര്‍ത്താണിരുന്നതെന്നും മൂക്കില്‍ നിന്നും രക്തം വന്ന നിലയിലായിരുന്നുവെന്നും ഡോക്ടര്‍ കുമാര്‍ നായിക് വെളിപ്പെടുത്തി. 36 മണിക്കൂര്‍ മുമ്പാണ് മരണം സംഭവിച്ചതെന്നാണ് അനുമാനമെന്നും എന്നാല്‍ രക്തനഷ്ടം വന്നതിന്‍റെ അടയാളങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരണാനന്തര ചടങ്ങുകള്‍ക്കായി കുഞ്ഞിന്‍റെ ശരീരം ബെംഗളൂരുവിലേക്ക് കൊണ്ടുപോയി.