ആരാണ് പാപ്പാഞ്ഞി..🤔 എന്തിനാണ് ന്യൂ ഇയറില്‍ കത്തിക്കുന്നത്

വര്‍ഷാവസാനം പാപ്പാഞ്ഞിയെ കത്തിച്ച് പുതു വര്‍ഷത്തെ സ്വാഗതം ചെയ്യുക കൊച്ചിക്കാര്‍ക്ക് ഒരു ആചാരമാണ്. ഒരിക്കല്‍ക്കൂടി ഫോര്‍ട്ടുകൊച്ചി ‘പപ്പാഞ്ഞി കത്തിക്കല്‍’ ആഘോഷത്തിനു തയ്യാറെടുക്കുകയാണ്. പുതുവല്‍സരാഘോഷ സമയത്ത് പാപ്പാഞ്ഞി വാർത്തകളിൽ നിറയുന്നത് സാധാരണമാണ്. ഡിസംബര്‍ 31 ന് ആയിരക്കണക്കിന് ആളുകള്‍ പപ്പാഞ്ഞിയെ കാണുന്നതിനും കത്തിക്കുന്നതിന് സാക്ഷ്യം വഹിക്കുന്നതിനും ഫോര്‍ട്ട് കൊച്ചിയിലെത്തും. ലോകത്തിന്റെയും വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ വരെ അക്കൂട്ടത്തില്‍ ഉണ്ടാകും. കഴിഞ്ഞ വർഷം കൊച്ചിൻ കാർണിവലിന് വേണ്ടി തയ്യാറാക്കിയ പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ സാദൃശ്യം വന്നത് വളരെ വലിയ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു

ലോകത്ത് ‘പപ്പാഞ്ഞി കത്തിക്കല്‍’ ആഘോഷം കൊച്ചിയില്‍ മാത്രമാണുള്ളത്. ഡിസംബര്‍ 12ന് രാത്രി 12 മണിക്കാണ് പപ്പാഞ്ഞിയെ കത്തിക്കുക. ‘പപ്പാഞ്ഞി’ എന്നത് പോര്‍ച്ചുഗീസ് വാക്കാണ്. അതിന്റെ അര്‍ത്ഥം ‘മുത്തച്ഛന്‍’ എന്നാണ്.16, 17 നൂറ്റാണ്ടുകളില്‍ കൊച്ചിയില്‍ ഇമ്മാനുവല്‍ കോട്ട എന്ന പേരില്‍ ഒരു പോര്‍ച്ചുഗീസ് കോട്ട നിലനിന്നിരുന്നു. കോട്ടപ്രദേശത്ത് പിന്നീട് പോര്‍ച്ചുഗീസ് സംസ്‌കാരം പുലര്‍ന്നു. ഇക്കാലത്ത് കൊച്ചിക്കാരുടെ മലയാളത്തില്‍ ചേര്‍ന്ന പോര്‍ച്ചുഗീസ് വാക്കാണ് പാപ്പാഞ്ഞി

പോര്‍ച്ചുഗീസുകാര്‍ കൊച്ചിയില്‍ യൂറോപ്യന്‍ മട്ടില്‍ പുതുവര്‍ഷം ആഘോഷിച്ചു തുടങ്ങി. ഇവിടെ ആരംഭിക്കുന്നു കൊച്ചിയുടെ പുതുവര്‍ഷ ആഘോഷ ചരിത്രം. പോര്‍ച്ചുഗീസുകാരെ തുടര്‍ന്ന് ഡച്ചുകാരും ഡച്ചുകാരെ തുടര്‍ന്ന് ബ്രിട്ടീഷുകാരും അധികാരത്തിലെത്തി. അക്കാലങ്ങളിലൊക്കെ കൊച്ചിയില്‍ യൂറോപ്യന്‍ മട്ടില്‍ പുതുവര്‍ഷം ആഘാഷിച്ചു. ഈ ആഘോഷ സംസ്‌കാരം കൊച്ചി ജീവിതത്തിന്റെ ഭാഗമായി. ഇന്ത്യ സ്വതന്ത്രമായതിനു
ശേഷവും കൊച്ചിയില്‍ പുതുവര്‍ഷാഘോഷം തുടര്‍ന്നു

കൊച്ചിയില്‍ സൗഹൃദക്കൂട്ടങ്ങള്‍ ചെറിയ പപ്പാഞ്ഞിരൂപങ്ങള്‍ ഉണ്ടാക്കി അതിനു സമീപം പുതുവര്‍ഷം ആഘോഷിക്കാറുണ്ടായിരുന്നു. 1980കളില്‍ കാര്‍ണിവല്‍ പരിപാടിയുടെ ഭാഗമായി ഫോര്‍ട്ടുകൊച്ചി കടല്‍തീരത്ത് പപ്പാഞ്ഞിയുടെ രൂപം കത്തിക്കാന്‍ ആരംഭിച്ചു. ഒരു വർഷത്തിന്‍റെ അവസാനവും പുതു വർഷത്തിന്‍റെ ആരംഭവുമാണ് പപ്പാഞ്ഞിയെ കത്തിക്കൽ. മൈതാനത്ത് കെട്ടിയുയർത്തിയ പാപ്പാഞ്ഞി രൂപത്തെ കത്തിക്കുന്നതിലൂടെ പിന്നിടുന്ന വർഷത്തെ വേദനകളും ദുരിതങ്ങളും എരിച്ചു കളയുന്നുവെന്നാണ് സങ്കല്‍പം