പോലീസ് അതിക്രമം; ലോക്സഭാ സ്പീക്കർക്ക് പരാതി നൽകി കെ.സുധാകരൻ

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പ്രതിഷേധ മാർച്ചിനിടെയുണ്ടായ പോലീസിന്റെ അതിക്രമത്തിൽ ലോക്സഭാ സ്പീക്കർക്ക് പരാതി നൽകി
കെ.സുധാകരൻ. അവകാശലംഘനം ചൂണ്ടിക്കാട്ടിയാണ് പരാതിയെന്ന് കെ സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണ് പൊലീസിന്റെ അതിക്രമം എന്നാണ് പരാതിയിൽ പറയുന്നത്

പൊലീസ് നടത്തിയത് തന്നെ ലക്ഷ്യം വച്ചുള്ള നടപടിയാണെന്നും പൊലീസിലെ ഗുണ്ടകള്‍ അക്രമം നടത്തിയതായും മുകളില്‍ നിന്നും നിര്‍ദേശം ഇല്ലാതെ പൊലീസ് ഇങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി

കെപിസിസിയുടെ ഡിജിപി ഓഫീസ് മാര്‍ച്ചിന് നേരെ നടന്നത് പൊലീസിന്റെ ഏകപക്ഷീയ ആക്രമണമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. പിണറായി വീണ്ടും പ്രതിപക്ഷത്തിനെതിരെ അക്രമത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. സമാധാനപരമായി പുരോഗമിച്ച ഡിജിപി ഓഫീസ് മാര്‍ച്ചിന്‍റെ വേദിയിലേക്ക് ടിയര്‍ ഗ്യാസ് സെല്‍ പൊട്ടിച്ച് പ്രകോപനം ഉണ്ടാക്കിയത് പൊലീസാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പിണറായിക്കും ഗുണ്ടകള്‍ക്കും ജനങ്ങളുടെ ശബ്ദത്തെ അടിച്ചമര്‍ത്താനാകില്ലെന്നും കോണ്‍ഗ്രസ് പ്രസ്താവനയില്‍ പറഞ്ഞു. വേദിയില്‍ സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിക്കുന്ന കിരാത നടപടിയാണ് പൊലീസ് കാണിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു