സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം. സംയമനം കൈവിടാതെ പൊലീസ്

തിരുവനന്തപുരം: കരിങ്കൊടി കാണിക്കുന്ന കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടിക്കാരും പൊലീസും മര്‍ദ്ദിച്ചതിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ്, കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ സംസ്ഥാന വ്യാപകമായി മാർച്ച് നടത്തി. പോലീസ് സ്റ്റേഷനുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും നടന്ന മാര്‍ച്ചില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളടക്കം പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരത്തെ നവകേരളസദസിന്റെ പ്രചാരണ ബോർഡുകളടക്കം പ്രതിഷേധക്കാർ നശിപ്പിച്ചു. മുഖ്യമന്ത്രിയാണോ മുഖ്യ ഗുണ്ടയാണോ പിണറായി വിജയനെന്നാണ് യൂത്ത് കോൺഗ്രസ്സ് ചോദിക്കുന്നത്

എത്ര പ്രകോപനം ഉണ്ടായാലും പ്രവര്‍ത്തകരോട് സംയമനം കൈവിടാതെയാണ് നിലവില്‍ പൊലീസ് നീക്കം. കൊച്ചിയില്‍ എംജി റോഡില്‍ ഡിസിസി പ്രസിഡന്റ് അടക്കം പ്രതിഷേധത്തിലുണ്ട്. സാധാരണ ഗതിയില്‍ നിന്നും വ്യത്യസ്തമായി പൊലീസിനെ വെല്ലുവിളിച്ചു കൊണ്ടാണ് പ്രതിഷേധിക്കുന്നത്. വിവിധ ജില്ലകളില്‍ നടക്കുന്ന പ്രതിഷേധത്തില്‍ നേരിയ സംഘര്‍ഷങ്ങളുണ്ടായി. കൊച്ചിയില്‍ കമ്മിഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ ജലപീരങ്കിയില്‍ ഒരാള്‍ക്ക് പരുക്കേറ്റു

അതിനിടെ കരിങ്കൊടി കാണിക്കുന്നവര്‍ക്കെതിരെ വാഹനം നിര്‍ത്തി ലാത്തി പ്രയോഗം നടത്തേണ്ടെന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിഷേധക്കാരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വാഹനം നിര്‍ത്തി അടിക്കരുതെന്നാണ് നിര്‍ദേശം. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനം