അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന് വിഷബാധയേറ്റതായി റിപ്പോർട്ട്; ആരോഗ്യനില ഗുരുതരം

കറാച്ചി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന് വിഷബാധയേറ്റതായി റിപ്പോർട്ട്. പാകിസ്ഥാനിലെ കറാച്ചിയിലെ ആശുപത്രിയിലാണ് ദാവൂദ് ഇപ്പോള്‍ കഴിയുന്നതെന്നാണ് സൂചന. വിഷബാധയേറ്റതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിഷം ഉള്ളിൽ ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാവൂദിന്‍റെ ആരോഗ്യനില ഗുരുതരമാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് ദിവസമായി ആശുപത്രിയിലാണെങ്കിലും ഇന്നാണ് ഇക്കാര്യം പുറത്തുവരുന്നത്

വൻ സുരക്ഷയിലാണ് ദാവൂദിനെ ചികിത്സിക്കുന്നതെന്നും വിവരമുണ്ട്. ഇന്ത്യൻ അന്വേഷണ ഏജൻസികൾ തേടുന്ന ഏറ്റവും വലിയ കുറ്റവാളികളിലൊരാളാണ് 65-കാരനായ ദാവൂദ് ഇബ്രാഹിം. ദാവൂദിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ മുംബൈ പൊലീസ്. വർഷങ്ങളായി പാകിസ്ഥാനിലെ കറാച്ചിയിലാണ് ദാവൂദ് കഴിയുന്നത്. ഇന്ത്യയിൽ നിന്ന് കടന്ന ദാവൂദ് കറാച്ചിയിലാണ് കഴിയുന്നതെന്ന കാര്യം പാക് ഏജൻസികൾ ഏറെക്കാലം നിഷേധിച്ചിരുന്നു.
എന്നാൽ, രണ്ടാം വിവാഹത്തിനു ശേഷം ദാവൂദ് കറാച്ചിയിലാണ് താമസിക്കുന്നതെന്ന് ദാവൂദിന്റെ സഹോദരിയുടെ മകൻ വെളിപ്പെടുത്തിയിരുന്നു. കറാച്ചിയിലെ ഡിഫൻസ് ഏരിയയിലെ അബ്ദുല്ല ഗാസി ബാബ ദർഗക്ക് പിന്നിലെ റഹീം ഫാക്കിക്ക് സമീപമാണ് ദാവൂദ് താമസിക്കുന്നതെന്നാണ് വിവരം

കഴിഞ്ഞ വർഷം ദാവൂദ് ഇബ്രാഹിമിന്‍റെ തലക്ക് എൻഐഎ 25 ലക്ഷം വിലയിട്ടിരുന്നു. 250 ഓളം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത 1993-ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് ദാവൂദ് ഇബ്രാഹിം