മുത്തപ്പന്റെ ആരൂഢ സ്ഥാനത്ത് ഇനി ഉത്സവ ദിനങ്ങള്‍.. ഡിസംബർ 18ന് കൊടിയേറ്റം

കണ്ണൂർ: മുത്തപ്പന്റെ ആരൂഢ സ്ഥാനമായ കുന്നത്തൂർപാടി ശ്രീ മുത്തപ്പൻ ദേവസ്ഥാനത്തെ തിരുവപ്പന മഹോത്സവം ഡിസംബർ 18ന് തുടങ്ങി 2024 ജനുവരി 16ന് സമാപിക്കുമെന് കുന്നത്തൂർപാടി ദേവസ്ഥാനം ട്രസ്റ്റി എസ്.കെ കുഞ്ഞിരാമൻ നായനാർ ഭാരവാഹിയായ പി.കെ മധു എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വനത്തിൽ മലമുകളിൽ നടക്കുന്ന കേരളത്തിലെ അപൂർവ്വം ചില ഉത്സവങ്ങളിൽ ഒന്നാണിത്.
കഴിഞ്ഞവർഷത്തെ തിരുവപ്പന ഉത്സവത്തിനു ശേഷം ആൾ പ്രവേശനമില്ലാത്ത പാടിയിൽ പുല്ലും ഈറ്റയും ഓലയും ഉപയോഗിച്ച് താൽകാലിക മടപ്പുര നിർമ്മിച്ചു കഴിഞ്ഞു. പാടിയിൽ പണി എന്ന പേരിൽ അറിയപ്പെടുന്ന ചടങ്ങാണിത്

18 ന് രാവിലെ മുതൽ താഴെ പൊടിക്കളത്തെ മടപ്പുരയിൽ തന്ത്രി പേർക്കിളത്തില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ ഗണപതിഹോമം, ശുദ്ധി, വാസ്‌തുബലി, ഭഗവതിസേവ, ഉഷപൂജ, നവകം, ഉച്ച പൂജ, ദീപാരാ ധന ചടങ്ങുകൾ നടക്കും. കോമരം ഉറഞ്ഞുതുള്ളി പൈങ്കുറ്റി വെച്ച ശേഷം അഞ്ചില്ലം അടിയാന്മാർ പാടിയിൽ പ്രവേശിക്കും. പാടിയിൽ പ്രവേശിച്ചശേഷം തന്ത്രിയുടെ കാർമ്മികത്വത്തിൽ ശുദ്ധി, കലശപൂജ എന്നിവ നടക്കും. തുടർന്ന് അടിയന്തരം തുടങ്ങാൻ തന്ത്രി അനുവാദം നൽകും
18 ന് രാത്രി മുത്തപ്പന്റെ ജീവിതത്തിലെ നാലുഘട്ടങ്ങളായ ബാല്യം, കൗമാരം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം എന്നിവയെ പ്രതിനിധീകരിച്ച് പുതിയ മുത്തപ്പൻ, പുറംകാല മു ത്തപ്പൻ , നാടുവാഴീശൻ ദൈവം, തിരുവപ്പന എന്നിവ കെട്ടിയാടിക്കും

ഉത്സവകാലത്ത് ഭക്തർക്ക് 24 മണിക്കൂറും പാടിയിൽ പ്രവേശിക്കാം ദിവസവും ഉച്ചയ്ക്കും രാത്രിയും താഴെ പൊടിക്കളത്തുവെച്ച് അന്നദാനം ഉണ്ടായിരിക്കും