വയോധികയെ മർദ്ദിച്ച മരുമകൾക്ക് കിട്ടിയത് എട്ടിന്റെ പണി; മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു

കൊല്ലം: തേവലക്കരയിൽ വയോധികയെ മരുമകൾ മർദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും സ്വമേധയ കേസെടുത്തു. മരുമകൾ മഞ്ജുമോളെ ഇന്ന് കോടതിയിൽ ഹാജരാക്കും. വധശ്രമം അടക്കമുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ആറര വർഷമായി മരുമകൾ മർദ്ദനം തുടരുകയാണെന്ന് ഏലിയാമ്മ പറയുന്നു. വൃത്തിയില്ലെന്ന് പറഞ്ഞായിരുന്നു മർദ്ദനം. വീട്ടിൽ പൂട്ടിയിടുമെന്നും മകൻ ജെയ്സിനേയും മർദ്ദിക്കുമെന്നും ഏലിയാമ്മ പറയുന്നു. മർദ്ദനമേറ്റ് നിലത്ത് വീണാലും ചവിട്ടും. മഞ്ജു മോളിന്റെ മക്കൾ രണ്ടും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലാണെന്നും ഏലിയാമ്മ മാധ്യമങ്ങളോട് പറഞ്ഞു

മാസങ്ങള്‍ക്ക് മുൻപ് വൃദ്ധയ്ക്ക് മർദനമേറ്റ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തെത്തിയത്. ഇതിനുശേഷവും മരുമകൾ വയോധികയെ മർദിക്കാറുണ്ടായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏലിയാമ്മയുടെ പേരിലുള്ള വസ്തു എഴുതി നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം

ദേഹോപദ്രവമേൽപ്പിക്കുകയും മനുഷ്യത്വഹീനമായി പെരുമാറുകയും ചെയ്തത് അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു നിർദ്ദേശം നൽകിയിട്ടുണ്ട്. കൊല്ലം ജില്ലാ സാമൂഹ്യ നീതി ഓഫീസർ ഇന്നു തന്നെ സംഭവസ്ഥലം നേരിട്ട് സന്ദർശിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കും. വയോജനങ്ങൾക്കെതിരായ അതിക്രമ സംഭവങ്ങൾ ഒരു നിലയ്ക്കും വച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ഏലിയാമ്മയ്ക്ക് മതിയായ സംരക്ഷണവും നിയമ സഹായവും ഉറപ്പു വരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി ബിന്ദു അറിയിച്ചു. ആവശ്യമായ മറ്റു തുടർനടപടികൾക്കായി റിപ്പോർട്ടിന്റെ പകർപ്പ് ബന്ധപ്പെട്ട മെയിന്റനൻസ് ട്രിബ്യൂണലിന് കൈമാറണമെന്നും മന്ത്രി  നിർദ്ദേശം നൽകി.