രക്ഷപ്പെടല്‍ 6മീറ്റർ അകലെ; രക്ഷാ ദൗത്യം വീണ്ടും പ്രതിസന്ധിയില്‍

ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തിനുള്ളില്‍ പന്ത്രണ്ട് ദിവസത്തോളമായി മനുഷ്യ ജീവനുകൾ കുടുങ്ങിയിട്ട്. ഇനിയും ആറുമീറ്ററോളം തുരന്നാലാണ് തൊഴിലാളികളുടെ അടുത്തേക്ക് എത്താനാവുക എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഒന്നര മീറ്ററോളം തുരന്നതിന് പിന്നാലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് തുരങ്കത്തിലേക്ക് രക്ഷാക്കുഴല്‍ കടത്താനുള്ള ഡ്രില്ലിങ് നിര്‍ത്തി വയ്ക്കുകയായിരുന്നു. ഇത് പരിഹരിക്കുന്നതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും എത്രയും പെട്ടന്ന് തന്നെ രക്ഷാ പ്രവർത്തനം പുനരാരംഭിക്കുമെന്നും ദേശീയ ദുരന്ത നിവാരണസേന അറിയിച്ചു. തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ വൈകിട്ടോടെ പുറത്തെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒന്നിലധികം രക്ഷാക്കുഴലുകള്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങളും നടത്തുണ്ട്.

അവശിഷ്ടങ്ങള്‍ക്കിടയിലെ ഇരുമ്പുപാളിയില്‍ തട്ടി രക്ഷാകുഴല്‍ നേരത്തെ അകത്ത് കടത്താന്‍ സാധിച്ചിരുന്നില്ല. ആറു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഇരുമ്പുപാളി ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് അറുത്ത് മാറ്റി. തുരങ്കത്തിനകത്തെ മണ്ണ് ഇടിയാതിരിക്കാന്‍ ഏറെ കരുതലോടെയാണ് ഡ്രില്ലിങ് അടക്കം അവസാനഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്.