ഡ്രൈവർമാരുടെ സമരത്തെ തുടർന്ന് വിവാഹ ദിവസം 28 കിലോമീറ്റർ നടന്ന് വരനും കുടുംബവും

വിവാഹ ദിനത്തില്‍ 28 കിലോമീറ്റർ നടന്ന് വധുവിന്റെ വീട്ടിലെത്തി വരൻ. ഒറീസ്സയിലെ റായഗഡ ജില്ലയിലാണ് സംഭവം. ഡ്രൈവർമാരുടെ സമരത്തെ തുടർന്ന് വരനും കുടുംബാംഗങ്ങളും 28 കിലോമീറ്റര്‍ നടന്നാണ് റായഗഡ ഗ്രാമത്തിലുള്ള വധുവിന്റെ വീട്ടിലെത്തിയത്.വെള്ളിയാഴ്ച രാവിലെയായിരുന്നു വിവാഹം. വ്യാഴാഴ്ച രാത്രി വീട്ടിൽ നിന്നിറങ്ങിയ വരൻ വെള്ളിയാഴ്ച വധുവിന്റെ വീട്ടിലെത്തി വിവാഹം ചെയ്യുകയായിരുന്നു. വരനും കുടുംബാം​ഗങ്ങളും നടക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

“ഡ്രൈവർമാരുടെ പണിമുടക്ക് കാരണം വാഹനസൗകര്യം ലഭ്യമായില്ല. ഗ്രാമത്തിലെത്താൻ ഞങ്ങൾ രാത്രി മുഴുവൻ നടന്നു. ഞങ്ങൾക്ക് മറ്റ് മാർഗമില്ലായിരുന്നു” വരന്റെ കുടുംബാംഗങ്ങളിൽ ഒരാൾ പറഞ്ഞു. ഡ്രൈവേഴ്‌സ് അസോസിയേഷൻ സമരം പിൻവലിക്കുന്നതും കാത്ത് വരനും കുടുംബാംഗങ്ങളും അന്ന് വധുവിന്റെ വീട്ടിൽ തങ്ങി. ഇൻഷുറൻസ്, പെൻഷൻ, ക്ഷേമനിധി ബോർഡ് രൂപീകരണം തുടങ്ങിയ നടപടികൾ ആവശ്യപ്പെട്ട് ഡ്രൈവർ ഏകതാ മഹാസംഘ് ബുധനാഴ്ച മുതൽ ഒഡീഷയിലുടനീളം അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചിരുന്നു. തങ്ങളുടെ എല്ലാ ആവശ്യങ്ങളും നടപ്പാക്കുമെന്ന സംസ്ഥാന സർക്കാരിന്റെ ഉറപ്പിനെ തുടർന്ന് ഒഡീഷയിലെ വാണിജ്യ വാഹന ഡ്രൈവർമാർ നടത്തുന്ന പണിമുടക്ക് 90 ദിവസത്തേക്ക് നിർത്തിവച്ചു.