കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പില്‍ സംഘപരിവാര്‍ അനുകൂല പാനലിന് തോൽവി; മാധവ് കൗശിക് സാഹിത്യ അക്കാദമി പ്രസിഡന്റ്

കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പില്‍ സംഘപരിവാര്‍ അനുകൂല പാനലിന് തിരിച്ചടി. അക്കാദമി പ്രസിഡന്റായി മുന്‍ വൈസ് പ്രസിഡന്റ് മാധവ് കൗശിക് തെരഞ്ഞെടുക്കപ്പെട്ടു. 60 വോട്ടോടെയാണ് മാധവ് കൗശിക് വിജയിച്ചത്. കര്‍ണാടക സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ മെല്ലെപുരം ജി. വെങ്കിടേശ ആയിരുന്നു സംഘപരിവാര്‍ അനുകൂല പാനലില്‍ മത്സരിച്ചത്.വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മലയാളി സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍ തോറ്റു. സംഘപരിവാര്‍ അനുകൂല പാനലില്‍ മത്സരിച്ച ഡല്‍ഹി സര്‍വകലാശാലാ ഹിന്ദി വിഭാഗം മേധാവി കുമുദ് ശര്‍മയാണ് വിജയിച്ചത്. ഒരു വോട്ടിനാണ് കുമുദ് ശര്‍മയുടെ ജയം.

ഹിന്ദി മേഖലയില്‍ നിന്നുള്ള സാഹിത്യകാരന്മാരുടെ വോട്ട് കൂടിയെന്ന് സി രാധാകൃഷ്ണന്‍ തോല്‍വിയോട് പ്രതികരിച്ചു. ജീവിതത്തില്‍ ഒരു തെരഞ്ഞെടുപ്പിലേ മത്സരിച്ചിട്ടുള്ളൂ. അതില്‍ പരാജയപ്പെട്ടെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.നേരത്തെ, അധ്യക്ഷനായിരുന്ന ചന്ദ്രശേഖര കമ്പാര്‍ ഒഴിയുമ്പോള്‍ വൈസ് പ്രസിഡന്റായിരുന്ന മാധവ് കൗശികിന് അധ്യക്ഷ പദവിയും സി. രാധാകൃഷ്ണന് വൈസ് പ്രസിഡന്റ് പദവിയും നല്‍കാന്‍ ധാരണയിലെത്തിയിരുന്നു. എന്നാല്‍, സംഘപരിവാര്‍ പിന്തുണ പാനലും എത്തിയതോടെ മത്സരത്തിന് വഴിയൊരുങ്ങുകയായിരുന്നു.