കേരള കോണ്‍ഗ്രസ് സമ്മര്‍ദത്തിന് വഴങ്ങി സിപിഐഎം; ജോസിന്‍ ബിനോ പാലാ നഗരസഭാ അധ്യക്ഷയാകും

പാലാ നഗരസഭാധ്യക്ഷ സ്ഥാനം സംബന്ധിച്ച് ഏറെ നാളുകളായി നിലനിന്ന ചര്‍ച്ചകള്‍ക്ക് വിരാമം. ജോസിന്‍ ബിനോ സിപിഐഎം സ്ഥാനാര്‍ത്ഥിയാകും. സിപിഐഎം ഏരിയ കമ്മിറ്റിയാണ് തീരുമാനമെടുത്തത്. സി പിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബിനു പുളിക്കുളിക്കക്കണ്ടത്തെ അധ്യക്ഷനാക്കുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ പുറത്തു വന്നത് .കേരള കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്നാണ് ബിനു പുളിക്കകണ്ടത്തെ ഒഴിവാക്കിയത്. നേതൃത്വത്തിന്റെ തീരുമാനത്തില്‍ സിപിഐഎം പ്രാദേശിക നേതൃത്വം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
പാലാ നഗരസഭയില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച ഏക വ്യക്തിയായിരുന്നു ബിനു പുളിക്കകണ്ടം.  ജോസിന്റെ പരാതിക്ക് സിപിഐഎം വഴങ്ങുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ വാദം . പാര്‍ട്ടി ചിഹ്നത്തില്‍ വിജയിച്ച ഏക അംഗത്തെ തഴയുന്നത് പ്രതിഷേധത്തിന് കാരണമാകുമെന്നും പ്രാദേശിക നേതൃത്വം ഓര്‍മിപ്പിച്ചിരുന്നു.

ബിനു പുളിക്കക്കണ്ടം കേരള കോൺഗ്രസ് (എം) അംഗം ബൈജു കൊല്ലംപറമ്പിലിനെ മുമ്പ് മർദിച്ചിട്ടുണ്ട്. കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയെ തോല്‍പ്പിക്കാന്‍ ബിനു ശ്രമിച്ചെന്നുള്ള പരാതിയും കേരളാ കോണ്‍ഗ്രസിനുണ്ട് .ഇതോടെയാണ് ബിനുവിനെ നഗരസഭാ അധ്യക്ഷനാക്കുന്നതിൽ കേരള കോൺഗ്രസ് എതിർപ്പുമായി എത്തിയത്. ബിനു ഉൾപ്പെടെ ആറ് കൗൺസിലർമാരാണ് സിപിഎമ്മിനുള്ളത്.മുൻധാരണയനുസരിച്ച് ആദ്യ രണ്ടുവർഷം കേരള കോൺഗ്രസി(എം)നാണ് അധ്യക്ഷ സ്ഥാനം. അതിനുശേഷം ഒരു വർഷം സിപിഎമ്മിനും അടുത്ത രണ്ടു വർഷം കേരള കോൺഗ്രസി(എം)നും അധ്യക്ഷസ്ഥാനം ലഭിക്കും. ആദ്യ രണ്ടു വർഷം ആന്റോ പടിഞ്ഞാറേക്കര ആയിരുന്നു അധ്യക്ഷൻ.
നഗരസഭയുടെ ചരിത്രത്തിലാദ്യമാണ് സിപിഎം അധ്യക്ഷസ്ഥാനം ഏറ്റെടുക്കാനൊരുങ്ങുന്നത്. വ്യാഴാഴ്ച രാവിലെ 11നാണ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുന്നത്. 10.30 വരെ പത്രിക നൽകാം.