വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹം സംസ്കരിക്കാൻ കൂട്ടാക്കാതെ ബന്ധുക്കൾ.വ്യാഴാഴ്ച്ച വെള്ളാരംകുന്ന് സ്വദേശി തോമസ്(സാലു പള്ളിപ്പുറം) ആണ് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ് മരണപ്പെട്ടത് . ആവശ്യങ്ങൾ അംഗീകരിച്ചാലെ മൃതദേഹം സംസ്ക്കരിക്കുകയുള്ളുവെന്നാണ് തോമസിന്റെ സഹോദരങ്ങൾ വ്യക്തമാക്കുന്നത്. കൂടുതൽ നഷ്ടപരിഹാരം നൽകണമെന്നും കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്നും കടുവയെ വെടിവച്ചു കൊല്ലണം എന്നുമാണ് ഇവർ ഉന്നയിക്കുന്ന ആവശ്യങ്ങൾ.
അതേസമയം കടുവയെ പിടികൂടാനായുള്ള തീവ്രശ്രമത്തിലാണ് വനംവകുപ്പ്. വെള്ളാരംകുന്ന് മേഖലയിൽ വ്യാഴാഴ്ച്ച രാവിലെയാണ് കടുവയിറങ്ങിയത്. കടുവയുടെ ആക്രമണത്തിൽ കാലിനും കൈയ്ക്കും പരിക്കേറ്റ തോമസ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഹൃദയസ്തംഭനം മൂലമാണ് മരണപ്പെട്ടത്.