സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധയേറ്റ് വീണ്ടും മരണം; കാസർഗോഡ് കുട്ടി മരിച്ചത് ഹോട്ടലിൽ നിന്നും ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ച്

സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധയേറ്റ് വീണ്ടും മരണം. കാസർഗോഡ് തലക്ലായിൽ സ്വദേശി അഞ്ജുശ്രീ പാർവ്വതിയാണ് മരിച്ചത്. കാസർകോട്ടെ ഉദുമയിലെ അൽ റൊമൻസിയ ഹോട്ടലിൽ നിന്നും ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെയാണ് ശാരീരിക അസ്വസ്ഥത ആരംഭിച്ചത്. ഇവർക്ക് പുറമെ കൂടുതൽ പേർക്ക് ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. ജനുവരി ഒന്ന് മുതൽ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തും ചികിത്സയിലായിരുന്നു. സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കൾ മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകി. പുതുവർഷ ദിവസമാണ് ഇവർ ഓൺലൈനായി കുഴിമന്തി വാങ്ങിയത്. പുതുവർഷ ദിവസം മുതൽ പെൺകുട്ടി ചികിത്സയിലായിരുന്നു. നില വഷളായപ്പോഴാണ് മംഗലാപുരത്തേക്ക് മാറ്റിയത്. കഴിഞ്ഞ മെയ് മാസത്തിലും കാസർകോട് ഭക്ഷ്യവിഷബാധയേറ്റ് ഒരു കുട്ടി മരിച്ചിരുന്നു. അന്ന് ചെറുവത്തൂരിൽ 16 വയസുകാരിയായ ദേവനന്ദയെന്ന പെൺകുട്ടിയുടെ മരണത്തെ തുടർന്ന് സംസ്ഥാനത്താകമാനം ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇപ്പോൾ വീണ്ടും ആറ് ദിവസത്തിനിടെ ഭക്ഷ്യവിഷ ബാധയേറ്റ് സംസ്ഥാനത്ത് മരിക്കുന്നവരുടെ എണ്ണം രണ്ടായി.