ആരാണീ ക്രിസ്മസ് പാപ്പാഞ്ഞി..? എല്ലാവർഷവും പാപ്പാഞ്ഞിയെ കത്തിക്കുന്നത് എന്തിന് ?

കൊച്ചിയിൽ കാർണിവലിൽ ഭാഗമായി പപ്പാഞ്ഞിയെ കത്തിക്കുന്നത് എല്ലാ വർഷാവസാനത്തിലും നടക്കുന്നതാണ്.ആയിരക്കണക്കിന് ജനങ്ങളാണ് പടുകൂറ്റൻ പാപ്പാഞ്ഞിയെ കത്തിക്കുന്നത് കാണാൻ ഡിസംബർ 31 ന് കൊച്ചിയിലേക്ക് ഒഴുകിയെത്താറുള്ളത്. പോയ വർഷത്തിന്റെ സങ്കടങ്ങളും ദുരിതങ്ങളും കത്തിച്ചുകളയുക എന്ന ആശയമാണ് പാപ്പാഞ്ഞിയെ കത്തിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. ഡിസംബർ 31ന് രാത്രി 12 മണിക്കാണ് പാപ്പാഞ്ഞിയെ കത്തിക്കുന്നത്. ഇത്തവണയും കത്തിക്കാനുള്ള പാപ്പാഞ്ഞി അവസാനവട്ടഘട്ട മിനുക്ക് പണിയിലാണ്. അപ്പോഴാണ് ഇത്തവണത്തെ പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ മുഖഛായയാണെന്ന വിവാദം ഉയരുന്നത്. ഇതോടെ കൊച്ചിയിലെ ക്രിസ്മസ് പപ്പാഞ്ഞിയെ പറ്റിയുള്ള ചർച്ചകൾ സജീവമായിരിക്കുകയാണ്.
എന്നാൽ ശരിക്കും ആരാണ് പാപ്പാഞ്ഞി? പാപ്പാഞ്ഞി എന്ന വാക്കിന്റെ ഉദ്ഭവം പോർച്ചുഗീസിൽ നിന്നാണ്. പോർച്ചുഗീസിൽ മുത്തശ്ശൻ എന്നാണ് പാപ്പാഞ്ഞിയുടെ അർഥം. 1503 മുതൽ 1663 വരെ പോർച്ചുഗീസുകാർ ഫോർട്ട് കൊച്ചി ഭരിച്ചിരുന്നു. രാജാവിന്റെ അനുവാദത്തോടെ അവർ അവിടെ പണിത കോട്ടയാണ് ഇമാനുവൽ കോട്ട. കോട്ടയിൽ എല്ലാവർഷം പുതുവർഷാഘോഷം യൂറോപ്യൻ രീതിയിൽ ആഘോഷിച്ചിരുന്നു. അതിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് പാപ്പാഞ്ഞിയെ കത്തിക്കൽ തുടങ്ങിയതെന്ന് ഒരു കൂട്ടൽ പറയുന്നു.
എന്നാൽ പാപ്പാഞ്ഞിയെ കത്തിക്കൽ ജൂതവിശ്വാസവുമായി ബന്ധപ്പെട്ടതാണെന്നാണ് മറ്റൊരു വാദം. ഗ്രീക്ക് പടയെ യുദ്ധത്തിൽ തോൽപ്പിച്ച് വിശുദ്ധനാട് സ്വന്തമാക്കിയ ശേഷം ഗ്രീക്ക പടത്തലവൻ ബഗറീസിനെ ജീവനോടെ കത്തിച്ചതിന്റെ ഓർമപുതുക്കലാണ് പാപ്പാഞ്ഞിയെ കത്തികലായി മാറിയതെന്നും വിശ്വസിക്കപ്പെടുന്നു. എന്ത് തന്നെയായാലും വർഷങ്ങളായി കൊച്ചിയിൽ മാത്രം കാണുന്ന ആഘോഷമാണ് ഈ പാപ്പാഞ്ഞി കത്തിക്കൽ. കാർണിവൽ ആഘോഷത്തിന്റെ ഭാഗം കൂടിയാണ് ഈ പാപ്പാഞ്ഞി കത്തിക്കലെന്ന തനത് ആഘോഷം.