ബഫർസോൺ റിപ്പോർട്ടും ഭൂപടവും പ്രസിദ്ധീകരിച്ചു

ബഫർസോൺ റിപ്പോർട്ടും വനംവകുപ്പിന്‍റെ ഭൂപടവും സർക്കാർ പ്രസിദ്ധീകരിച്ചു. 2021ല്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്തെ 22 സംരക്ഷിത വന മേഖലക്ക് ചുറ്റുമുള്ള ഭൂപടമാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, റോഡുകള്‍ തുടങ്ങിയവ 12 ഇനമായി രേഖപ്പെടുത്തിയിട്ടുണ്ട്. ജനവാസമേഖല ഉള്‍പ്പെടുന്നതിലെ പരാതി നല്‍കാനുള്ള അപേക്ഷയും പ്രസിദ്ധീകരിച്ചു. എന്തെങ്കിലും എതിര്‍പ്പ് ഉണ്ടെങ്കിൽ അറിയിക്കേണ്ടത് വനംവകുപ്പിന്‍റെ ഈ ഭൂപടം അനുസരിച്ചാണ്. സര്‍വേ നടത്തിയ പ്ലോട്ട്, വില്ലേജ്, പഞ്ചായത്ത് തുടങ്ങിയവ ഭൂപടത്തിൽ പ്രത്യേകം അറിയാം. 22 സംരക്ഷിത പ്രദേശങ്ങള്‍ക്കുചുറ്റുമുള്ള ഭൂപടമാണ് പ്രസിദ്ധീകരിച്ചത്. ഭൂപടത്തില്‍ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ക്ക് പിങ്ക് നിറമാണ്. പച്ച– വനം, കറുപ്പ്- പഞ്ചായത്ത്, ചുമപ്പ്- വാണിജ്യകെട്ടിടങ്ങള്‍, നീല – വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ബ്രൗണ്‍–ഓഫിസ്, മഞ്ഞ–ആരാധനാലയങ്ങള്‍, വയലറ്റ്– താമസസ്ഥലം എന്നിങ്ങനെയാണ് ഭൂപടത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.