‘അച്ഛനും അമ്മയും കഷ്ടപ്പെടുന്നത് സഹിക്കാനാവുന്നില്ല; സാന്ത സഹായിക്കുമോ?’; ഹൃദയ ഭേദകമായി 8 വയസുകാരിയുടെ കത്ത്

ലോകം ക്രിസ്മസിനെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ്.വീടുകളിലും കടകളിലും സ്റ്റാറുകളും ,സാന്താ ക്ലോസും പുൽകൂടുകളും ഒരുങ്ങിക്കഴിഞ്ഞു .ആഘോഷ രാവുകൾ ഇങ്ങെത്തിയതോടെ ആവേശത്തിലാണ് കുട്ടികൾ.സമ്മാനങ്ങളും ആശംസ കാർഡുകളും കൈമാറാനുള്ള ആവേശത്തിലാണവർ . വിദേശ രാജ്യങ്ങളിൽ ക്രിസ്മസ് എന്നത് ആഘോഷങ്ങളുടെ നാളുകളാണ്.കുട്ടികൾ നന്നായി പെരുമാറിയാൽ ക്രിസ്തുമസ് ദിനത്തിൽ സാന്താ സമ്മാനം നൽകുമെന്നാണവരുടെ വിശ്വാസം .  ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾ സാന്താക്ലോസിന് കത്തെഴുതുന്ന പതിവുണ്ട്.ഇപ്പോൾ ഇതാ ഒരു 8 വയസുകാരിയുടെ കത്ത് സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കുകയാണ്.
സാധാരണയായി കളിപ്പാട്ടങ്ങളോ വസ്ത്രങ്ങളോ ഒക്കെയാണ് കുട്ടികൾ ആവശ്യപ്പെടാറുള്ളത്.എന്നാൽ ഈ എട്ടു വയസ്സുകാരി എല്ലാവരെയും ഞെട്ടിച്ചു . യുകെ വനിതയായ നിക്കോൾ കോണൽ  തന്റെ സഹോദരിയുടെ മകൾ എഴുതിയ കത്ത് ട്വിറ്ററിൽ പങ്കിട്ടു. ‘എന്റെ സഹോദരിയുടെ 8 വയസ്സുള്ള മകൾ സാന്തയ്ക്ക് എഴുതിയ കത്താണിത്. ഇത്ര ചെറുപ്പത്തിൽ തന്നെ അവൾ സാമ്പത്തിക ബുദ്ധിമുട്ടിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടല്ലോ എന്നോർത്ത് എൻ്റെ കണ്ണുകൾ നിറയുന്നു’-ഈ അടിക്കുറിപ്പോടെയാണ് കത്ത് പങ്കുവച്ചിട്ടുള്ളത്.
കത്തിന്റെ പൂര്ണരൂപമിതാണ് .“പ്രിയപ്പെട്ട സാന്തയോട്, ക്രിസ്മസിന് എനിക്ക് വേണ്ടത് മമ്മിക്കും ഡാഡിക്കും കുറച്ച് പണം മാത്രമാണ്. സാമ്പത്തികമായി അവർ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ചെലവുകൾ വഹിക്കാൻ അവർ പാടുപെടുന്നു. അവരുടെ കഷ്ടപ്പാട് കാണുമ്പോൾ എനിക്ക് സങ്കടമുണ്ട്. ദയവായി സാന്താ, നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയുമോ? ഞാൻ ചോദിക്കുന്നത് വളരെ കൂടുതലാണെന്ന് എനിക്കറിയാം, ക്ഷമിക്കണം. സ്നേഹത്തോടെ എമ്മി”- പെൺകുട്ടി കുറിച്ചു.
ഹൃദയഭേദകമായ കത്ത്  സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണിപ്പോൾ .