വിവാഹത്തിന് വഴക്കുകളൊക്ക സാധാരണം തന്നെയാണ്. ഇന്ത്യൻ വിവാഹങ്ങളിൽ പ്രത്യേകിച്ച്. ചില വഴക്കുകൾ കയ്യാങ്കളിയിലും എത്താറുമുണ്ട്. ഇന്ന് എല്ലാവരുടെയും കയ്യിൽ മൊബൈൽ ഫോണുകൾ സജീവമായതുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ പരക്കാൻ അധികം സമയമൊന്നും വേണ്ട. ഇവിടെയും അതുപോലെ ഒരു വിവാഹത്തിന് കൂട്ടത്തല്ല് തന്നെ നടന്നു. എന്നാൽ, തല്ല് നടക്കാനുണ്ടായ കാരണം കേട്ടാൽ ഒന്ന് ഞെട്ടും. വിവാഹത്തിന് ആര് ആദ്യം ഫോട്ടോ പകർത്തും എന്നതായിരുന്നു തർക്കത്തിനുള്ള കാരണം. യുപിയിലെ ദേവരിയ ജില്ലയിലാണ് സംഭവം നടന്നത്. പെണ്ണിന്റെ വീട്ടുകാർ ആദ്യം വിവാഹത്തിന്റെ ചിത്രം പകർത്തുമോ അതോ ചെറുക്കന്റെ വീട്ടുകാർ പകർത്തുമോ എന്നതായിരുന്നു തർക്കത്തിൽ കലാശിച്ചത്. ഡിസംബർ എട്ടിനായിരുന്നു വിവാഹം. വരമാല ചടങ്ങ് കഴിഞ്ഞയുടനെ തന്നെ വരന്റെയും വധുവിന്റെയും വീട്ടുകാർ ആര് ആദ്യം ഫോട്ടോ പകർത്തും എന്നതിനെ ചൊല്ലി ചർച്ച തുടങ്ങി. ഇത് അധികം വൈകാതെ ചൂടുപിടിച്ചു, പിന്നാലെ വഴക്കിലും കയ്യാങ്കളിയിലും വരെ എത്തി. വിവാഹ ഘോഷയാത്ര രാംപൂർ കാർഖാന ധൂസിൽ നിന്ന് മാധവ്പൂർ ഗ്രാമത്തിലേക്ക് ആയിരുന്നു. എന്നാൽ, അപ്പോഴൊന്നും കുഴപ്പമില്ലായിരുന്നു. മാത്രമല്ല, എല്ലാവരും വിവാഹത്തിന്റെ ആവേശത്തിലും ആയിരുന്നു. എന്നാൽ, ചടങ്ങുകൾ ആരംഭിച്ച് കഴിഞ്ഞപ്പോഴാണ് തീരെ പ്രതീക്ഷിക്കാത്ത ഈ ട്വിസ്റ്റ് നടന്നത്. വരന്റെ ഭാഗത്ത് നിന്നുമുള്ള ചില ആളുകളാണ് ഞങ്ങൾ ആദ്യം ഫോട്ടോ എടുക്കും എന്നും പറഞ്ഞ് തർക്കം തുടങ്ങിയത്. അതിൽ പലരും മദ്യപിച്ചിട്ടുണ്ടായിരുന്നു. കയ്യാങ്കളിയിൽ വരന്റെ അമ്മാവനും സഹോദരിക്കും പരിക്കേറ്റു. വൈകാതെ തന്നെ രാംപൂർ കർഖാന പൊലീസ് സ്ഥലത്തെത്തി. രംഗം ശാന്തമാക്കി. അപ്പോഴേക്കും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. വരനാണെങ്കിൽ ഇതിലെല്ലാം മനം മടുത്ത് ആദ്യം താലി കെട്ടാൻ വിസമ്മതിച്ചു. എന്നാൽ, പിന്നീട് വിവാഹം നടന്നു.