ശശി തരൂര്‍ പാര്‍ട്ടി പരിപാടികളില്‍ അറിയിക്കാതെ പങ്കെടുക്കുന്നത് പാര്‍ട്ടി കീഴ്‌വഴക്കങ്ങള്‍ക്ക് എതിര് ; വിമര്‍ശനവുമായി ഉന്നത നേതാക്കള്‍

യൂത്ത് കോൺ​ഗ്രസ് സമ്മേളനത്തിൽ ശശി തരൂർ എംപി പങ്കെടുക്കുന്നത് വിവാദത്തിൽ. . ഡിസിസിയെ അറിയിക്കാതെ പങ്കെടുത്തത് പാര്‍ട്ടി മര്യാദകളുടെ ലംഘനമാണ്. പോഷക സം​ഘടനകളുടെ രീതി ശരിയല്ലെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. വലിയ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ ഡിസിസി പ്രസിഡന്റിനോടും കെപിസിസി പ്രസിഡന്റിനോടും ചര്‍ച്ച ചെയുന്ന പരമ്പരാഗത രീതി പാര്‍ട്ടിക്കുണ്ട്. ഈ രീതിയാണ് തങ്ങളൊക്കെ യൂത്ത് കോണ്‍ഗ്രസില്‍ പ്രവർത്തിച്ചിരുന്നപ്പോള്‍ ചെയ്തിരുന്നത്. ശശി തരൂരിന്റെ സന്ദര്‍ശനത്തിന് ഡിസിസിയോട് ആലോചിക്കുകയോ പറയുകയോ ചെയ്തില്ല. യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ നേതൃത്വം ചര്‍ച്ച ചെയ്യുകയുകയും ചെയ്തിട്ടില്ലെന്ന് സുരേഷ് ചൂണ്ടിക്കാട്ടി.
ഇത്തരം കാര്യങ്ങള്‍ സംഭവിക്കാതിരിക്കാന്‍ പാര്‍ട്ടി ഇടപെടണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉന്നത നേതാക്കന്മാര്‍ പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ അതാത് ഡിസിസിയോടും നേതൃത്വത്തോടും പറയണമെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞിരുന്നു.
യൂത്ത് കോൺഗ്രസിന്റെ നിലപാട് കിഴ്വഴക്കങ്ങൾക്ക് എതിരാണെന്നാണ് വിമർശനം
ഇത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും എഐസിസിക്കും, കെപിസിസി അച്ചടക്ക സമിതി ചെയര്‍മാൻ തിരുവഞ്ചൂർ രാധാകൃഷ്ണനും പരാതി കൊടുക്കാനാണ് തീരുമാനം.
ശശി തരൂരിന്റെ കോട്ടയം സന്ദർശനത്തിൽ നിന്ന് വിട്ടു നിൽക്കുമെന്ന് കെപിസിസി അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു .വ്യക്തിപരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിട്ടുനിൽക്കുന്നത്.
ഇന്ന് പാലായില്‍ നടക്കുന്ന കെ എം ചാണ്ടി അനുസ്മരണ സമ്മേളനത്തിലും ഈരാറ്റുപേട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് മഹാ സമ്മേളനത്തിലും ശശി തരൂര്‍ പങ്കെടുക്കും.എ ഗ്രൂപ്പിന് പ്രാമുഖ്യമുളള യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയാണ് തരൂരിനായി വേദിയൊരുക്കുന്നത്.പാലാ, കാഞ്ഞിരപ്പളളി ബിഷപ്പുമാരേയും തരൂര്‍ സന്ദര്‍ശിക്കുമെന്നാണ് വിവരം.