ഷാരോണിനെ പഠിച്ചിരുന്ന കോളേജിൽ വച്ചുo ഡോളോ ഗുളികകൾ ജ്യൂസിൽ കലക്കി നൽകി കൊല്ലാൻ ശ്രമിച്ചിരുന്നുവെന്ന് പ്രതി ഗ്രീഷ്മ

ഷാരോണിനെ പഠിച്ചിരുന്ന കോളേജിൽ വച്ചുo കൊല്ലാൻ ശ്രമിച്ചിരുന്നുവെന്ന് പ്രതി ഗ്രീഷ്മ മൊഴി നൽകി. ഇതിനായി ഗ്രീഷ്മ ഡോളോ ഗുളികകൾ ജ്യൂസിൽ കലക്കി നൽകി. ഷാരോൺ പഠിക്കുന്ന നെയ്യൂർ സി എസ് ഐ കോളജിന്റെ ശുചി മുറിയിൽ വച്ചാണ് ജൂസിൽ ഗുളികൾ കലർത്തിയതെന്ന് ഗ്രീഷ്മ പറഞ്ഞു. ഇതിനായി ഡോളോ ഗുളികകൾ തലേന്ന് തന്നെ കുതിർത്ത് കൈയ്യിൽ കരുതിയിരുന്നു. പിന്നീട് ഷാരോണിനൊപ്പം കോളേജിലെത്തിയ ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി. എന്നാൽ ഷാരോൺ ഈ കെണിയിൽ വീണില്ല. ജ്യൂസിന് കയ്പ് രുചി തോന്നിയ ഷാരോൺ ഇത് തുപ്പിക്കളഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി ഗ്രീഷ്മയെ കോളേജിൽ എത്തിച്ചും തെളിവെടുപ്പ് നടത്തും. അതേസമയം വധക്കേസിൽ പ്രതി ഗ്രീഷ്മയുമായി ഇന്നും അന്വേഷണസംഘം തെളിവെടുപ്പ് നടത്തും. കന്യാകുമാരി ജില്ലയിലെ തൃപ്പരപ്പിലാകും പ്രധാന തെളിവെടുപ്പ്. ഷാരോണും ഗ്രീഷ്മയും ഒരുമിച്ച് താമസിച്ച ഹോട്ടലിലാണ് തെളിവെടുപ്പ്. തമിഴ്നാട് നെയ്യൂരിൽ ഷാരോൺ പഠിച്ച കോളേജിലും പ്രതിയെ ഇന്ന് തന്നെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.
തെളിവെടുപ്പിന്‍റെ ഭാഗമായി ഗ്രീഷ്മയുടെ ശബ്ദ സാമ്പിൾ ആകാശവാണിയിൽ പരിശോധിച്ച് ഉറപ്പാക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. കേസ് തമിഴ്നാട് പൊലീസിന് കൈമാറുന്നതാണ് ഉചിതമെന്ന അഡ്വക്കേറ്റ് ജനറലിന്‍റെ നിയമോപദേശത്തിൽ പൊലീസ് ഉടൻ തീരുമാനമെടുക്കും. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനേയും അമ്മാവൻ നിര്‍മ്മൽ കുമാറിനേയും നെയ്യാറ്റിൻകര കോടതി ഇന്നലെ വീണ്ടും റിമാൻഡ് ചെയ്തിരുന്നു. ഷാരോൺ ചികിത്സയിലിരിക്കേ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചാണ് മരിച്ചത്. ഈ സാഹചര്യത്തിൽ മെഡിക്കൽ കോളേജ് സിഐയെ കൂടി അന്വേഷണസംഘത്തിൽ ഉൾപ്പെടുത്തി തുടരന്വേഷണവും പരിഗണനയിലുണ്ട്. അതിനിടെ ഷാരോൺ രാജ് ബിഎസ്‍സി റേഡിയോളജി എഴുത്ത് പരീക്ഷയിൽ വിജയിച്ചെന്ന വിവരം സുഹൃത്തുക്കൾ വഴി കുടുംബത്തിന് കിട്ടി.