ഷാരോണ്‍ വധം; ഗ്രീഷ്‍മയുടെ അമ്മാവനുമായി തെളിവെടുപ്പ്.. കീടനാശിനി കുപ്പി കണ്ടെടുത്തു

ഷാരോണ്‍ വധക്കേസില്‍ നിര്‍ണ്ണായകമായ തെളിവ് ശേഖരിച്ച് പൊലീസ്. ഷാരോണ്‍ രാജിനെ കൊല്ലാനായി ഗ്രീഷ്മ കഷായത്തില്‍ ചേര്‍ത്ത കീടനാശിനിയുടെ കുപ്പിയാണ് കണ്ടെടുത്തത്. ഗ്രീഷ്മയുടെ വീടിനടുത്തുള്ള രാമവര്‍മ്മന്‍ചിറ കുളത്തിന്റെ കരയില്‍ വെച്ചാണ് കണ്ടെടുത്തത്. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മാവൻ നിർമാൽകുമാറിനെയും പങ്കെടുപ്പിച്ചുള്ള തെളിവെടുപ്പിലാണ് കേസിൽ നിര്‍ണായകമായ ഈ തെളിവ് കണ്ടെത്തിയത്. കണ്ടെടുത്തത് കാപ്പിക്യുവിന്റെ കുപ്പിയാണെന്നാണ് പൊലീസ് നിഗമനം. ഗ്രീഷ്‌മയുടെ അമ്മാവനാണ് കുപ്പി കാണിച്ചുകൊടുത്തത്. ഷാരോൺ രാജിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതി ഗ്രീഷ്മയുടെ അമ്മക്കും അമ്മാവനും പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ തെളിവുകൾ നശിപ്പിച്ചതിന് ഇരുവരെയും പ്രതി ചേർക്കുകയും ചെയ്തിരുന്നു. കേസിന്റെ ഗതി തന്നെ നിശ്ചയിക്കാവുന്ന തെളിവാണ് മണിക്കൂറകൾക്കകം പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഷാരോണിന്‍റെ കൊലയിൽ ഇനിയും കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്