കോട്ടയത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥി തോക്ക് ശേഖരവുമായി പിടിയില്‍

കോട്ടയത്ത് തോക്ക് ശേഖരവുമായി അറസ്റ്റിലായ ആള്‍ ബി.ജെ.പിയുടെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി. പള്ളിക്കത്തോട് 12ാം വാര്‍ഡില്‍ മത്സരിക്കുന്ന ബി.ജെ.പി പ്രാദേശിക നേതാവ് കെ. എന്‍ വിജയനാണ് അറസ്റ്റിലായത്. ഇയാളുടെ തെരഞ്ഞെടുപ്പ് പ്രചാരണവും ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചിലാണ് ആയുധ ശേഖരവുമായി വിജയന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായത്. പത്ത് തോക്കുകളും വെടിയുണ്ടകളും പൊലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. റിമാന്‍ഡിലായ വിജയന് ഇപ്പോള്‍ ജാമ്യം ലഭിച്ചിട്ടുണ്ട്. വെല്‍ഡിംഗ് കടയില്‍ തോക്കിന്റെ ഭാഗങ്ങള്‍ വെല്‍ഡ് ചെയ്യാന്‍ ഒരാള്‍ എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.