വടക്കഞ്ചേരി ബസ് അപകടം; റിപ്പോർട്ട് സർക്കാരിന് ഇന്ന് കൈമാറും, അപകടകാരണം ടൂറിസ്റ്റ് ബസിന്റെ അമിതവേഗതയും അശ്രദ്ധയും

പാലക്കാട് വടക്കഞ്ചേരി ബസ് അപകടത്തെ സംബന്ധിച്ചുള്ള റിപ്പോർട്ട് പാലക്കാട് എൻഫോഴ്സ്മെൻറ് ആർ ടി ഒ അന്വേഷണ റിപ്പോർട്ട് തയാറാക്കി. അപകടകാരണം ടൂറിസ്റ്റ് ബസിന്റെ അമിതവേഗതയും അശ്രദ്ധയുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ട്രാൻസ്പോർട്ട്‌ കമ്മീഷണർക്കും സർക്കാരിനും ഇന്ന്കൈമാറും. കെഎസ്ആർടിസി ബസ് വേഗത കുറച്ചപ്പോൾ അമിത വേഗതയിലെത്തിയ ടൂറിസ്റ്റ് ബസിന് നിയന്ത്രിക്കാനായില്ല. കെ.എസ് ആർടിസി ബസ് ഡ്രൈവറുടെ ഭാഗത്ത് പിഴവില്ലെന്നും കെ എസ്ആർടിസി ബസ് വേഗത കുറച്ചപ്പോൾ വെട്ടിച്ച് മാറ്റാനുള്ള ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ ശ്രമമാണ് അപകടത്തിലേക്കെത്തിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ടൂറിസ്റ്റ്ബസിന്റെ സ്പീഡ്ഗവർണർ പ്രവർത്തന രഹിതമാക്കിയ നിലയിൽ ആയിരുന്നു. ട്രാഫിക് ചട്ടങ്ങളുടെയും മോട്ടോർ വാഹനനിയമങ്ങളുടെയും ലംഘനം ടൂറിസ്റ്റ് ബസിന്റെ ഭാഗത്ത് നിന്ന് സ്ഥിരീകരിച്ചെന്നും റിപ്പോർട്ട്. വടക്കഞ്ചേരി അപകടത്തിൽപ്പെട്ട കെഎസ്ആടിസി ബസിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും മൊഴിയെടുക്കാൻ പൊലീസ് നടപടി തുടങ്ങി. അപകടസ്ഥലത്ത് നിന്നും ഡ്രൈവറെ രക്ഷപ്പെടാൻ സഹായിച്ചവരേയും ചോദ്യം ചെയ്യും. കെഎസ്ആർടിസി ബസ് പെട്ടന്ന് നിർത്തിയത് കൊണ്ടാണ് അപകടം ഉണ്ടായത് എന്നായിരുന്നു ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ പറഞ്ഞിരുന്നത്. ഇതിൽ വ്യക്തത വരുത്താൻ ആണ് പോലീസ് നടപടി. ജോമോനെ വടക്കഞ്ചേരിയിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ചവരെയും പോലിസ് ചോദ്യം ചെയ്യും. ഇന്നലെ രാത്രി, പ്രേരണക്കുറ്റo ചുമത്തി ബസ് ഉടമ അരുണിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.