പൂച്ച കടിച്ചതിന് കുത്തിവെപ്പ് എടുക്കാൻ വന്ന യുവതിക്ക് ആശുപത്രിക്കകത്തു വെച്ച് തെരുവ് നായയുടെ ആക്രമണം; തെരുവുനായ സ്ഥിരമായി കഴിയുന്നത് ഹെൽത്ത് സെന്ററിനകത്ത്

പൂച്ച കടിച്ചതിന് പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ വന്ന യുവതിക്ക് തെരുവുനായയുടെ ആക്രമണം. തിരുവനന്തപുരം വിഴിഞ്ഞത്ത് ആശുപത്രിക്കുള്ളിൽ വെച്ചാണ് ആക്രമണം. ചപ്പാത്ത് സ്വദേശി അപർണയുടെ കാലിലാണ് നായ കടിച്ചത്. പൂച്ച കടിച്ചതിന് പ്രതിരോധ കുത്തിവെപ്പ് എടുക്കാനാണ് അപർണ ആശുപത്രിയിലെത്തിയത്. പരിക്കേറ്റ അപര്‍ണയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിനുള്ളില്‍ ഇന്ന് രാവിലെയാണ് സംഭവം. വീട്ടിലെ പൂച്ച കടിച്ചതിനെ തുടര്‍ന്ന് പ്രതിരോധ കുത്തിവെപ്പ് എടുക്കാന്‍ എത്തിയതായിരുന്നു അപര്‍ണ. കാലില്‍ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. പ്രദേശത്ത് നിരവധി തെരുവുനായ്ക്കള്‍ ഉണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. എന്നാല്‍ ആശുപത്രിക്കുള്ളില്‍ കയറി ഒരാളെ കടിച്ച സംഭവം ഇതാദ്യമാണ്. തെരുവുനായ സ്ഥിരമായി കഴിയുന്നത് ഹെൽത്ത് സെന്ററിനുള്ളിലെന്ന് നാട്ടുകാർ ആരോപിച്ചു.