ഒരിക്കല്‍ കൂടി അദ്ധ്യക്ഷനാകാന്‍ ഇല്ലെന്നുറച്ച് രാഹുല്‍ ഗാന്ധി, ഇനിയാരെന്ന് തലപുകഞ്ഞ് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് നേതൃപദവിയിലേക്ക് ഒരിക്കല്‍ക്കൂടി ഇല്ലെന്ന തീരുമാനം രാഹുല്‍ ഗാന്ധി പറഞ്ഞതോടെ പാര്‍ട്ടി നേതൃത്വം വിഷമസന്ധിയില്‍. രാഹുലിന് പുറമേ, ആരോഗ്യകാരണങ്ങളാല്‍ പ്രസിഡണ്ട് പദവിയിലേക്കില്ലെന്ന നിലപാടിലാണ് അമ്മ സോണിയ ഗാന്ധിയും. ഇതോടെ പുതിയ പ്രസിഡണ്ടിനെ കണ്ടെത്താനുള്ള നേതൃത്വത്തിന്റെ ശ്രമങ്ങള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെയാണ് രാഹുല്‍ പ്രസിഡണ്ട് പദമൊഴിഞ്ഞത്. ഇടക്കാല അധ്യക്ഷയായി സോണിയാ ഗാന്ധി ചുമതലയേല്‍ക്കുകയും ചെയ്തു. അതിനു ശേഷം നിരവധി സന്ദര്‍ഭങ്ങളില്‍ രാഹുലിനെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും വിജയിച്ചില്ല. അതിനിടെ, പാര്‍ട്ടിക്ക് മുഴുസമയ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ട് ജി 23 നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തു.