കോട്ടയം തിരുവാതുക്കലിനു സമീപം രാത്രി 11 മണിയോടയാണ് സംഭവം. സമയത്ത് നാട്ടുകാരുടെ ശ്രദ്ധയെത്തിയതിനാൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ അദ്ഭുതകരമായി രക്ഷപെടുത്താൻ സാധിച്ചു. എറണാകുളത്തുനിന്നു തിരുവല്ലയിലേക്ക് യാത്ര ചെയ്ത കുമ്പനാട് സ്വദേശികളായ ഡോ.സോണിയ (32), അമ്മ ശോശാമ്മ (65), സഹോദരൻ അനീഷ് (21), സോണിയയുടെ 6 മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണു രക്ഷപെട്ടത്.
സമയം വൈകിയതിനാൽ എറണാകുളത്ത് നിന്ന് യാത്ര തിരിച്ച കുടുംബം ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയാണ് യാത്ര ചെയ്തത്. തിരുവാതുക്കൽ നിന്ന് വഴിതെറ്റി ഇവർ പാറേച്ചാലിൽ എത്തുകയായിരുന്നു. ബോട്ടുജെട്ടിയുടെ ഭാഗത്തേക്കാണ് കാർ നീങ്ങിയത്. റോഡും തോടും തിരിച്ചറിയാനാവാത്ത സാഹചര്യമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. കൈത്തോട്ടിലേക്ക് കാർ പതിച്ചതും ചില്ലുകളിൽ ഇടിച്ച് കാറിലുണ്ടായിരുന്നവർ ഒച്ചയിട്ടതോടെ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. കാറിനൊപ്പം ഓടിയ നാട്ടുകാരായ യുവാക്കൾ വെള്ളത്തിൽ ചാടി കാറ് തൂണുമായി ബന്ധിപ്പിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുഞ്ഞടക്കമുള്ളവരെ പുറത്തെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. രാത്രി എത്തിയ ബന്ധുക്കൾക്കൊപ്പം കുടുംബം തിരുവല്ലയിലേക്ക് മടങ്ങി. വിവരമറിഞ്ഞ് പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തിയിരുന്നു. സത്യൻ, വിഷ്ണു എന്നീ യുവാക്കളാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.