സ്‌കൂളില്‍ വിദ്യാര്‍ത്ഥിനിയുടെ ശരീരത്തില്‍ പാമ്പ് ചുറ്റിപ്പിണഞ്ഞു

പാലക്കാട് മങ്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറി ഇറങ്ങി. ക്ലാസ് മുറിയില്‍ വച്ചാണ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറി ഇറങ്ങിയത്. പാമ്പ് കടിച്ചതായുള്ള സംശയത്തില്‍ കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടിക്ക് പാമ്പു കടിയേറ്റിട്ടില്ലെന്ന് പരിശോധനയില്‍ മനസിലായി. സ്‌കൂള്‍ പരിസരം കാടുപിടിച്ച് കിടക്കുന്നതാണ് പാമ്പ് ക്ലാസ് മുറി വരെ എത്താന്‍ കാരണമെന്ന് ആരോപിച്ച നാട്ടുകാര്‍ പ്രതിഷേധവുമായി സ്‌കൂളിലേക്കെത്തി.
രാവിലെ സ്‌കൂളില്‍ എത്തിയ കുട്ടി പാമ്പിന്റെ ശരീരത്തിലേക്ക് അറിയാതെ ചവിട്ടുകയായിരുന്നു. പാമ്പ് കുട്ടിയുടെ ശരീരത്തില്‍ ചുറ്റിപ്പിണഞ്ഞു. ഇതോടെ കുട്ടി ഉറക്കെ കരഞ്ഞ് കുതറി മാറിയതോടെ പാമ്പ് ശരീരത്തില്‍ നിന്ന് തെറിച്ച് പോകുകയായിരുന്നു. കരച്ചില്‍ കേട്ടെത്തിയ അധ്യാപകര്‍ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. സ്‌കൂള്‍ ബാഗ് സൂക്ഷിച്ചിരുന്ന അലമാരയില്‍ കയറിയ പാമ്പിനെ പിടികൂടുകയും ചെയ്തു.