നടിയെ ആക്രമിച്ച കേസില്‍ പുതിയ നീക്കവുമായി അതിജീവിത

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍  പുതിയ നീക്കങ്ങളുമായി അതിജീവിത. ഡല്‍ഹിയിലെ മുതിര്‍ന്ന അഭിഭാഷക റബേക്ക ജോണ്‍ നടിക്ക് വേണ്ടി ഹാജരാകും. സുപ്രീംകോടതിയിലൊ ഡല്‍ഹി ഹൈക്കോടതിയിലോ ഹര്‍ജി സമര്‍പ്പിക്കുമെന്ന് സൂചന. തുടരന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇന്ന് തന്നെ ഹര്‍ജി സമര്‍പ്പിക്കാനാണ് നീക്കം.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്തായ ശരത്തിനെ പ്രതി ചേര്‍ത്തുള്ള ക്രൈംബ്രാഞ്ച് അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്ടേറ്റ് കോടതിയില്‍ ഇന്ന് സമര്‍പിക്കും. തുടരന്വേഷണ റിപോര്‍ട്ട് വിചാരണ കോടതിക്കും കൈമാറും.കേസിലെ എട്ടാം പ്രതി ദിലീപിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഒളിപ്പിച്ചതിനും, നശിപ്പിച്ചതിനുമുള്ള കുറ്റങ്ങള്‍ ചുമത്തിയാകും ക്രൈംബ്രാഞ്ച് തുടരന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കുക. ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഇന്ത്യന്‍ ശിക്ഷാ നിയമം 201-ാം വകുപ്പു പ്രകാരം പത്തുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
ദിലീപിന്റെ സുഹൃത്തായ ശരത്ത് പതിനൊന്നാം പ്രതിയാണ്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ നശിപ്പിക്കാനും മനപൂര്‍വം മറച്ചുപിടിക്കാനും ശരത്ത് ശ്രമിച്ചു എന്ന കാരണത്താലാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതോടെ നിര്‍ത്തി വെച്ചിരിക്കുന്ന വിചാരണ ഉടന്‍ പുനരാരംഭിക്കാനാണ് സാധ്യത.