അപകടകരമായ ബൈക്ക് റേസിങ്ങ് പതിവ്.. ഒരു സംഘത്തെ പിടികൂടി പോലീസ് മുന്നറിയിപ്പ് നൽകി.. അപകടത്തില്‍ മരിച്ച 2 പേര്‍ അതിന് ശേഷം വന്നവര്‍

വിഴിഞ്ഞം ബൈപ്പാസിൽ ഇന്നലെ ബൈക്ക് റേസിങ്ങിനിടെ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കളുടെ ജീവനാണ് നഷ്ടമായത്. ചൊവ്വര സ്വദേശി ശരത്, വട്ടിയൂർക്കാവ് നെട്ടയം സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് മരിച്ചത്.
കോവളം ബൈപാസിലെ പോറോഡ് മുതൽ മുക്കോല വരെയുള്ള ഭാഗം ബൈക്ക് റേസിങ് സംഘങ്ങളുടെ അഭ്യാസക്കളരിയാണ്. ഇവിടെ അപകടങ്ങളും നിത്യ സംഭവമാണ്.ഇന്നലെ ഉച്ചയ്ക്കും 3 അംഗ ബൈക്ക് റേസിങ് സംഘത്തെ പിടികൂടി മുന്നറിയിപ്പ് നൽകി വിട്ടിരുന്നതായി വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശി പറഞ്ഞു. അതിനു ശേഷം വന്നവരാണ് അപകടത്തില്‍പ്പെട്ടത്

ബൈപാസിൻ്റെ ഒന്നാം ഘട്ടത്തിൽ ഉൾപ്പെട്ട കോവളം ജംക്‌ഷനും പോറോഡ് ഭാഗത്തിനും മധ്യേ പാത അടച്ചിട്ടിരിക്കുകയാണ്. ഇവിടെയാണ് ബൈക്കു റേസിങ് സംഘങ്ങളുടെ ചീറിപ്പായല്‍. പലപ്പോഴായി പൊലീസ് ഇത്തരം സംഘങ്ങളെ പിടികൂടിയിരുന്നു.
അപകടകരമായി നടക്കാറുള്ള ബൈക്ക് റേസിങ്ങുമായി ബന്ധപ്പെട്ട് സ്ഥിരമായി പരാതി ലഭിക്കാറുണ്ടെന്നും പോലീസ് പറഞ്ഞു.

കല്ലുവെട്ടാംകുഴിക്ക് സമീപം അമിതവേഗതയിൽ പരസ്പരം എതിർവശത്ത് നിന്ന് പാ‌ഞ്ഞ് വരുന്ന രണ്ട് ബൈക്കുകളുടെയും ദൃശ്യം സിസിടിവി പകർത്തിയിട്ടുണ്ട്. തൊട്ടടുത്ത് എത്തുമ്പോൾ വെട്ടിച്ച് മാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും വാഹനം നിയന്ത്രിക്കാനാവാതെ വണ്ടികൾ കൂട്ടിയിടിച്ച് രണ്ട് ബൈക്കുകളിലെയും യുവാക്കൾ തെറിച്ച് വീഴുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്