ശ്വാസകോശത്തിൽ അണുബാധ: സോണിയ ഗാന്ധിയുടെ ആരോഗ്യ നില സൂക്ഷ്മമായി നിരീക്ഷിക്കുന്നു

കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ
കൊവിഡുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് ദില്ലിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . പരിശോധനയിൽ ശ്വാസകോശത്തിൽ അണുബാധയുള്ളതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. മൂക്കിൽ നിന്നുമുള്ള രക്തസ്രവം തടയാനായി ഇന്നലെയും ചികിത്സ നടത്തി. പലതരം ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന സോണിയക്ക് കൊവിഡാനന്തര ചികിത്സ തുടരുന്നുണ്ടെന്നും ആരോഗ്യനില ഡോക്ടർമാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും മുതിർന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് അറിയിച്ചു.

രണ്ടാം വട്ടവും കൊവിഡ് പോസിറ്റീവായതിനെ തുടർന്നാണ് സോണിയയുടെ ആരോഗ്യനില മോശമായത്.
സോണിയ ഗാന്ധിയുടെ ആരോഗ്യാവസ്ഥ ചൂണ്ടി ക്കാണിച്ച് നാഷണൽ ഹെറാൾഡ് കേസിൽ തന്‍റെ ഇന്നത്തെ ചോദ്യം ചെയ്യൽ തിങ്കളാഴ്ചത്തേക്ക് മാറ്റി വെക്കാൻ രാഹുൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കത്തയച്ചിരുന്നു. ഈ ആവശ്യം ഇ ഡി അംഗീകരിക്കുകയും ചെയ്തിരുന്നു.