തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കഴിയുന്നതുവരെ സിൽവർലൈൻ സർവേയില്ല

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കഴിയുന്നതുവരെ സിൽവർലൈൻ സർവേയില്ല. കല്ലിടുന്നതിനു പകരം ഡിജിറ്റൽ മാർഗങ്ങൾ ഉപയോഗിക്കാമെന്ന് ഈ മാസം 16 ന് റവന്യു വകുപ്പ് കെ–റെയിലിനു നിർദേശം നൽകിയെങ്കിലും ഇതുവരെ സർവേ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടില്ല. ഏതു തരത്തിലുള്ള സർവേ ആയാലും എതിർക്കുമെന്നു പ്രതിപക്ഷം പ്രഖ്യാപിച്ചതിനാൽ ഉപതിരഞ്ഞെടുപ്പു വരെ പ്രകോപനം വേണ്ടെന്ന രാഷ്ട്രീയ തീരുമാനമാണു സർവേ വേണ്ടെന്ന് വക്കാൻ കാരണം. ഡിജിറ്റൽ സർവേയിൽ അതിർത്തി രേഖപ്പെടുത്താൻ പ്രദേശത്തെ ഏതു വസ്തുവിൽ അടയാളമിടണം, പെയിന്റ് ആണെങ്കിൽ ഏതു നിറം, ചിഹ്നമാണെങ്കിൽ ഏതു ചിഹ്നം, എഴുതേണ്ടതെന്ത് തുടങ്ങിയവയാണു നിശ്ചയിക്കേണ്ടത്. ഇവ ഏജൻസികളുമായും ജില്ലകളിലെ ഉദ്യോഗസ്ഥരുമായും ചർച്ച ചെയ്ത് അന്തിമമാക്കണം. ഇതുവരെ ചർച്ചയൊന്നും നടന്നിട്ടില്ലെന്നു കെ–റെയിൽ സ്ഥിരീകരിച്ചു. കെ–റെയിൽ എന്നെഴുതിയ കുറ്റികൾ സ്ഥാപിക്കുന്നതിനെതിരെ നൽകിയ ഹർജി ജൂൺ 2 നു ഹൈക്കോടതി വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ചപ്പോൾ കല്ലിടൽ നിർബന്ധമല്ലെന്ന തീരുമാനം സർക്കാർ അഭിഭാഷകൻ അറിയിച്ചിരുന്നു. ഇതു നേരത്തേ ചെയ്തുകൂടായിരുന്നോ എന്നു ചോദിച്ച കോടതി, കല്ലിടലുമായി ബന്ധപ്പെട്ട നടപടികളെ വിമർശിക്കുകയും ചെയ്തിരുന്നു.